Wednesday 24 May 2023

പരിഷത്തിന് ഒരു തുറന്ന കത്ത്

കോളേജ് കാലം തൊട്ട് പരിഷത്ത് എറ്റെടുക്കുന്ന വിഷയങ്ങൾ ശ്രെദ്ധിക്കുകയും ആഴത്തിൽ വായിക്കുകയും ചിലതിൽ വിയോജിപ്പ് ഉണ്ടെങ്കിൽ കൂടെ പരിഷത്ത്  എന്റെ അന്വേഷണ ത്വരയെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തി ആണ് ഞാൻ. എന്നാൽ കെ റെയിൽ വിഷയത്തിൽ നടത്തിയ പഠനം വളരെ അശാസ്ത്രീയമായിപ്പോയി എന്ന് പറയേണ്ടിയിരിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന സംഘടന ഇപ്പോൾ ശാസ്ത്രത്തിന് എത്ര പ്രമുഖ്യം കൊടുക്കുന്നുണ്ട് എന്ന സംശയം പോലും ഈ പഠനം എന്നിൽ ഉണ്ടാക്കി. ഒരു  പഠനം ശാസ്ത്രീയവും കൃത്യതയും ഉള്ളത് ആവുന്നത് അത് peer റിവ്യൂ ചെയ്യപ്പെടുമ്പോൾ ആണ്. പരിഷത്ത് പറയുന്നത് ശെരിയോ തെറ്റോ എന്നതിൽ അല്ല പഠനത്തിന്റെ റിപ്പോർട്ട്, ഡാറ്റ, methodology എന്നിവ പുറത്ത് വിട്ട് അത് മറ്റുള്ളവർ കൂടെ പഠിച്ച് ശെരി വെക്കുമ്പോൾ ആണ് ഒരു പഠനം പൂർണ്ണമാവുന്നത്, അല്ലാത്തത് എന്തും വെറും അശാസ്ത്രീയമായ വാദം ആണ്. ചാനൽ ചർച്ചയിലെ കോട്ട് ഇട്ട ജഡ്ജിമാർക്ക് വിധി  പ്രസ്താവിക്കാൻ ഈ പഠനം ഉപകരിച്ചു എന്നതിനപ്പുറം കേരളത്തിന്റെ ശാസ്ത്ര ലോകത്ത്  ഈ പഠനം എന്ത് സംഭാവന ആണ് നൽകിയത് എന്ന് പരിഷത്ത്  സ്വയം വിമർശനം നടത്തണം. ഒരു പഠന റിപ്പോർട്ട് പുറത്തു വിടാതെ അത് മറ്റുള്ളവർ പഠിക്കാൻ ഉള്ള അവസരം കൊടുക്കാതെ ഞങ്ങൾ പറയുന്നത് വിശ്വസിക്കണം എന്ന് പറഞ്ഞാൽ അത് എത്ര മൈക്ക് കെട്ടി പറഞ്ഞാലും ചാനെൽ ജഡ്ജിമാർക്ക് ഒഴികെ ബാക്കി ആർക്കും വെറും ശബ്ദ മലിനീകരണം മാത്രമായിരിക്കും. 


ഞങ്ങൾ ശാസ്ത്രാന്വേക്ഷണ കുതുകികൾ ആരാധനയോടെ പറയുന്ന ഒരു  പേര് ഉണ്ട്, നോബൽ പുരസ്‌കാര  ജേതാവ് ഫ്രാൻസിസ് ആർനോൾഡ്. എന്റെ വാദത്തിനെ സാധൂകരിക്കുന്ന ഒരു പ്രവർത്തി അവർ 2 കൊല്ലം മുൻപ് ചെയ്തു. തന്റെ പഠനം ഒരു ജേർണലിൽ പബ്ലിഷ് ചെയ്യുകയും എന്നാൽ അത് പിന്നീട് ആർക്കും  ലാബിൽ replicate ചെയ്യാൻ കഴിയുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ  അത് അവർ പിൻവലിച്ചു. പുറത്തു വിടുന്ന പഠനത്തിന്റെ ഗുണം അതാണ്, തെറ്റ് എങ്കിൽ അത് തിരുത്താൻ സാധിക്കും.


പരിഷത്ത് പ്രവർത്തകർ എന്നും പറയുന്ന ഒരു വാദം ഉണ്ട് , കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന് കെ റെയിൽ അനുയോജ്യമല്ല, പക്ഷെ എന്റെ ചോദ്യം ഇതാണ് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോട് ഒരു മട്ട ത്രികോണത്തിന്റെ ഹൈപ്പോട്ടന്യൂസ് ആണ് ഏറ്റവും വലിയ വശം എന്ന് പ്രൂവ് ചെയ്യാൻ പരീക്ഷയിൽ ചോദ്യം വന്നാൽ , അതിന് ആ കുട്ടിക്ക് കണ്ടാൽ മനസിലാവും എന്ന് എഴുതാൻ പറ്റുമോ? എഴുതിയാൽ അര മാർക്ക് പോലും കിട്ടുകയില്ല. അതുപോലെ കണ്ടാൽ അറിയും കേട്ടാൽ അറിയും എന്നൊക്കെ പറഞ്ഞല്ല ഒരു വാദഗതി മുന്നോട്ട് വെക്കേണ്ടത്. അത് ശാസ്ത്രീയമല്ല വെറും പൊതുബോധം മാത്രമാണ്. പരിഷത്തിന്റെ വാദങ്ങൾക്കും ആ കുട്ടിക്ക് കിട്ടാൻ പോകുന്ന മാർക്ക് പൂജ്യം മാത്രമേ ഈ വിഷയത്തിൽ കിട്ടുകയുള്ളു.


ഏതൊരു സംഘടനക്കും നേതാക്കൾക്കും ദൃശ്യ മാധ്യമങ്ങളുടെ പകിട്ടിൽ  ലൈംലൈറ്റിൽ നിൽക്കണം എന്ന് ആഗ്രഹം ഉണ്ടാകും, സംഘടനയുടെ ആശയ പ്രചാരണത്തിന് നല്ലത് ആണ്. പക്ഷെ ശാസ്ത്ര സംഘടന ശാസ്ത്രീയമായി വിഷയത്തെ സമീപിക്കണം


എന്ന് 

ലിഖിൽ സുകുമാരൻ


Tuesday 13 April 2021

മാക്ബത്ത് ആസ്വാദകൻ്റെ ജോജി പുനർവായന

ജോജി എന്ന സിനിമ മാക്ബത്ത് എന്ന  ദുരന്ത നാടകത്തിൽ നിന്ന് പ്രേരകമായി എഴുതപ്പെട്ട സിനിമ എന്നാണ് അതിൻ്റെ സ്രിഷ്ടാക്കൾ അവകാശപ്പെടുന്നത് എന്നാൽ ജോജി ഒരു ദുരന്ത സിനിമ എന്നതിനപ്പുറം മക്ബെത്ത് എന്ന നാടകവുമായി സാമ്യം ഉള്ളതായി എനിക്ക് തോനിയില്ല. നായക മനസിൽ വിഷം കുത്തിവെക്കാൻ പ്രവചനങ്ങൾ ആയി വരുന്ന മന്ത്രവാദിനികളോ, കയ്യിൽ പറ്റിയ ചോരക്കറയെ കുറീച്ച് വിലപിക്കുന്ന ലേഡീ മക്ബത്തോ സിനിമയിൽ ഇല്ല. പകരം നായകൻ സ്വന്തം ദുരന്തം സ്വയം ക്ഷണിച്ചു വരുത്തുകയാണു സിനിമയിൽ. ഉണ്ണിമായ അവതരിപ്പിച്ച ബിൻസി എന്ന ഥാപാത്രത്തെ ലേഡീ മക്ബത്തിനോട് ഉപമിക്കാം എങ്കിലും നായകനെ ദുരന്തത്തിലേക്ക് തള്ളി വിടുന്നത് ആ  ഥാപാത്രമല്ല അതിനാൽ തന്നെ അവരിൽ ഒട്ടും കുറ്റബോധം ഉള്ളതായി സിനിമയിൽ കാണിക്കുന്നില്ല.

ജോജി മക്ബത്തിനെ പോലെ ധീരനും ജേതാവും ആയി അല്ല സിനിമ പരിചയപ്പെടുത്തുന്നത്. ജോജി അലസനും, തൻ്റെ മുറി വിട്ട് പുറത്ത് പോകാത്തവനും ആയി ആണു സിനിമ പറയുന്നത്. തന്നോളം ബലം ഇല്ലാത്ത ബിൻസിക്കും ചേട്ടൻ്റെ മകൻ്റെ മുന്നിലും മാത്രം ആണു അയാൾ ശബ്ധം ഉയർത്തുന്നത് അപ്പോൾ തന്നെ അവർ തിരിച്ചു സംസാരിക്കുംബോൾ ജോജി നിശബ്ധൻ ആവുകയും ചെയ്യുന്നുണ്ട്. ഒട്ടുപാലിനു ഉണ്ടായവനെ എന്ന് ജോജിയുടെ അച്ചൻ വിളിക്കുംപ്പോൾ ജോജിയുടെ സ്വത്വത്തെ തന്നെ അത് ചൊദ്യം ചെയ്യുന്നു. ഇത് പോലെ ഒരു ഥാപാത്രമായിരുന്നില്ല മാക്ബത്ത്. ലേഡി മാക്ബെത്ത് മക്ബത്തിൻ്റെ ആണത്തത്തെ ചോദ്യം ചെയ്യുകയും അതിലൂടെ അവരുടെ പദ്ധതിയനുസരിച്ച് പ്രവർത്തിക്കുവാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും മാക്ബത്ത് തൻ്റെ വിജയങ്ങൾ വഴി ധീരൻ ആണെന്ന് നാടകം ആദ്യം തന്നെ പറഞ്ഞു വെക്കുന്നുണ്ട്. 

ഒടുവിൽ വയർ പിളർന്നു വന്ന ഒരു നായകൻ ആണു മാക്ബത്തിനെ കൊല്ലുന്നത് എങ്കിൽ ജോജി അനിവര്യമായ ദുരന്തം സ്വയം ഏറ്റെടുക്കുക ആണു. മക്ബത്തിനു മന്ത്രവാദിനികളെ ശപിക്കാം, ലേഡി മാക്ബെത്തിനെ ശപിക്കാം എന്നാൽ ജോജി എങ്ങനെ ആണു സമൂഹത്തെ ശപിക്കുന്നത് എന്ന് മനസിലാവുന്നില്ല. സൊസൈറ്റി ഒരു മൈരൻ ആണു ഞാനും സമ്മതിക്കുന്നു എങ്കിലും ജോജി തൻ്റെ ദുരന്തം സ്വയം വരുത്തി വച്ചത് അല്ലേ...











Saturday 26 October 2019

പ്രതീക്ഷതെറ്റിച്ച ബിഗിൽ



വിജയ് സിനിമകൾ ആദ്യദിനത്തിൽ എന്നും ആവേശത്തിൻ്റെ ഉൽസവം ആണ് സമ്മാനിക്കുന്നത് അതുകൊണ്ട് തന്നെ ആൾക്കുട്ടത്തിൽ വിജയ് വിമർശകൻ ആണെങ്കിലും വിജയ് സിനിമകൾ ആദ്യദിനം തന്നെ കാണാൻ ഇഷ്ടപ്പെടുന്ന വ്യക്തി ആണ് ഞാൻ. ബിഗിൽ എന്ന ചിത്രത്തിനും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കെറ്റ് എടുത്തതും അതുകൊണ്ട് തന്നെ ആണ്. ഒരു സ്പോർട്സ് അക്ഷൻ സിനിമ എന്ന ലേബലിൽ എത്തിയ സിനിമ സ്പോർട്സിനോട് അത്രത്തോളം നീതി പുലർത്തിയോ എന്നത് സംശമാണ്. ഫാൻസിനെ ത്രിപ്തിപ്പെടുത്താൻ കഴിയുന്ന ഒരു മാസ്സ് സിനിമ എന്നനിലയിലേക്കും സിനിമ എത്തുന്നുണ്ടൊ എന്നും സംശയം ആണ് . അടുത്ത കാലത്ത് ഇറങിയ വിജയ് സിനിമകൾ പോലെ സിനിമക്കും രാഷ്ട്രീയം ഉണ്ട്, ഇപ്രാവശ്യം സ്ത്രീപക്ഷ രാഷ്ട്രീയം ആണ് സിനിമ പറയുന്നത്.

രായപ്പൻ, മൈക്കിൾ എന്നീ അച്ചൻ മകൻ വേഷങ്ങളിൽ വിജയ് ഈ സിനിമയിൽ എത്തുന്നു. നല്ലവൻ ആയ റൗഡി എന്ന പതിവ് തമിഴ് നായക സങ്കൽപ്പം തന്നെ ആണ് സിനിമ പിൻപറ്റുന്നത്. അച്ചൻ റൗഡി ആണെങ്കിലും മകൻ ഫുട്ട്ബോൾ കളിക്കാരൻ ആണ്, അച്ചൻ മകനെ തൻ്റെ തൊഴിലിൽ നിന്നും മാറ്റി നിർത്താൻ ആണ് എന്നും ശ്രെമിച്ചത് എന്നാൽ ചില കാരണങ്ങൾ കൊണ്ട് മകനും ആ തൊഴിലിലേക്ക് വരേണ്ടി വരുന്നു. എങ്ങനെ ആണോ അയാൾക്ക് റൗഡി ആകേണ്ടി വന്നത് അതേ കാരണങ്ങൾ കൊണ്ട് തന്നെ അയാൾക്ക് തമിഴ്നാട് വനിതാ ഫൂട്ട്ബോൾ ടീം കോച്ചും ആകേണ്ടി വരുന്നു. തുടർന്ന് സിനിമ സ്പോർട്ട്സ് മൂവി ആവുന്നു. സ്ഥിരം കണ്ട് മടുത്ത കഥാഗതി ആയി അനുഭവപ്പെടുന്നുണ്ടോ എങ്കിൽ ബിഗിൽ എന്നത് നിങ്ങൾക്ക് ഒരു ക്ലീഷേ തമിഴ് സിനിമ ആയി മാത്രമേ അനുഭവപ്പെടുകയുള്ളു. ഫൂട്ട്ബോൾ എന്നത് കുറച്ച് എങ്കിലും ആസ്വധിക്കുന്ന വ്യക്തി ആണ് നിങ്ങൾ എങ്കിൽ ഇതിലെ സ്പോർട്സ് സീൻ പലതും അരോജകം ആയി അനുഭവപ്പെട്ടേക്കാം. പലയിടത്തും 'ചക്ദേ ഇന്ത്യ' അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതും കാണാം.

 ഇനി ഞാൻ എന്നും ചെയ്യാറുള്ളത് പോലെ സിനിമയുടെ രാഷ്ട്രീയം ചർച്ച ചെയ്യാം. സ്ത്രീപക്ഷ രാഷ്ട്രീയം ആണ് സിനിമ മുന്നോട്ട് വെക്കുന്നത്. പുരുഷനോളം സ്ത്രീയും സ്വപ്നം കാണുന്നുണ്ട് എന്നും അവളുടെ സ്വപ്നങ്ങൾ അടുക്കളയുടെ ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടതല്ല എന്നും സിനിമ പറയുന്നു. സ്വപ്നം പ്രാവർത്തികം ആക്കാൻ മുഖം അല്ല പ്രയത്നം ആണ് വേണ്ടത് എന്ന് പറയുന്നിടത്ത് സിനിമ 'ഉയരെ' എന്ന മലയാള സിനിമ സംവേദനം ചെയ്ത രാഷ്ട്രീയം തന്നെ ആണ് പറയുന്നത്. സ്ത്രീപക്ഷ സിനിമ പറയുന്ന സിനിമയിൽ നായികക്കോ മറ്റ് സ്ത്രീകൾക്കൊ അഭിനയിക്കാൻ തക്ക പ്രാധാന്യം ഉള്ള റോൾ ഇല്ല എന്നത് നിർഭാഗ്യകരം ആണ്. നായികക്ക് മാത്രം അല്ല വില്ലൻ റോൾ ചെയ്യുന്ന ജാക്കി ഷറോഫിനു പോലും തക്ക പ്രാധാന്യം ലഭിച്ചിട്ടില്ല. ഫൂട്ട്ബോളിന് ഒട്ടും യോജിക്കാത്ത ശരീരപ്രക്രിതം ഉള്ള കഥാപാത്രത്തെ ശ്രിഷ്ടിച്ച് ഫാറ്റ് ഷൈമിങ് നടത്തുന്നതും കല്ലുകടി ആയി അനുഭവപ്പെടുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയത്തിന് സിനിമയിൽ വേണ്ട ശക്തി ഇല്ല എന്ന് പറയേണ്ടി വരും.

മൂന്ന് മണിക്കൂർ സിനിമ എന്നത് തന്നെ ഒരു പോരായ്മ ആണ്. പരത്തി പറഞ്ഞ ഫ്ലാഷ്ബാക്കും മറ്റും സിനിമയുടെ കഥാഗതിയെ മന്ദഗതിയിൽ ആക്കുന്നു. മൂന്ന് മണിക്കൂർ നിങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ല എങ്കിൽ ഈ സിനിമക്ക് ടിക്കെറ്റ് എടുക്കാം. കൂടുതൽ ഒന്നും എഴുതുന്നില്ല, എഴുതാൻ മാത്രം ഈ സിനിമ എന്നെ സ്പർശിച്ചിട്ടുമില്ല. അതുകൊണ്ട് നിർത്തുന്നു. 








Sunday 18 August 2019

ഉയരങ്ങളിൽ ആണ് ഉയരെ

വളരെ വൈകി ആണ് ഉയരെ എന്ന സിനിമ കണ്ടത്.. തീയേറ്ററിൽ നിന്ന് കാണാതെ ഇപ്പോൾ വന്ന് ഡയലോഗ് അടിക്കുന്നോ എന്ന ചോദ്യം വരും എന്ന് അറിയാം, ക്ഷെമിക്ക്... ഗൗരവകരമായ സിനിമാസ്വാദനം എന്നതിനപ്പുറം നെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യുക, ജോലിയുടെ ഇടവേളകളിൽ ഘട്ടം ഘട്ടം ആയി സിനിമ കണ്ട് തീർക്കുക എന്ന രീതിയില്ലേക്ക് മാറിയതിനാൽ നഷ്ടപ്പെട്ട ഒരു തിയേറ്റർ അനുഭവം ആണ് ഉയരെ. 

പേര് അന്വർദ്ധമാക്കുംവിധം സമീപകാല മലയാള ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ വളരെ വളരെ ഉയരത്തിൽ നിൽക്കുന്നു ഉയരെ എന്ന സിനിമ. സ്ത്രീപക്ഷ സിനിമകൾ, സിനിമയിലെ പെണ്ണിടങ്ങൾ എന്നിവ ചർച്ച ആവുന്ന ഈ കാലത്ത് പെണ്ണിന് അതിരുകളില്ലാതെ സ്വപ്നം കാണാൻ ആകാശത്തോളം പറക്കാൻ  ഊർജ്ജം നൽകുന്ന സിനിമ ആണ് മനു അശോക് സംവിധാനം ചെയ്ത ഉയരെ. സ്ത്രീപക്ഷ സിനിമ എന്നതിനപ്പുറം ഉയരെ ഒരു മനുഷ്യപക്ഷ സിനിമ ആണെന്ന് സംവിധായകൻ പറയുന്നുണ്ട് എങ്കിലും എനിക്ക് ഈ സിനിമയെ സ്ത്രീപക്ഷ സിനിമ എന്ന് തന്നെ അടയാളപ്പെടുത്താൻ ആണ് ഇഷ്ടം.

സ്ത്രീകേന്ദ്രീകൃതമായ കഥ ആണെങ്കിലും ആസിഡ് ആക്രമണത്തിൽ ജീവിതം തളർന്നു പോയ മനുഷ്യരുടെ കഥ ആണ് ഉയരെ എന്നാണ് സംവിധായകൻ പറഞ്ഞത്, പക്ഷെ ഒന്നുണ്ട് നമ്മൾ ഇന്നോളം അറിഞ്ഞ എല്ലാ ആസിഡ് അക്രമണത്തിന്റെയും ഇര എന്നത് സ്ത്രീ ആണ്. സംവിധായകന്റെ ഭാഷ്യം എന്നതും ഒരു വെള്ളം ചേർക്കൽ ആണ്, പാർവതി എന്ന ഫെമിനിസ്റ്റ് നായിക പൊതുസമൂഹത്തിൽ നേരിടുന്ന ആക്രമണം തന്റെ സിനിമക്ക് നേരെ വരാതിരിക്കാൻ ഉള്ള ഒരു ജാമ്യം എടുക്കൽ മാത്രം ആയിരുന്നു അത്. എന്തായാലും നമുക്ക് അത് വിടാം. നല്ല സിനിമ ആണെങ്കിൽ ഏത് നടന്റെ ഏതു ഫാൻസ്‌ വിചാരിച്ചാലും കൂവി തോൽപ്പിക്കാൻ കഴിയില്ല എന്നകാര്യം ഇപ്പോൾ സംവിധായകന് ബോധ്യം ആയി കാണണം..

ഇനി സിനിമയിലേക്ക് വരാം. തീർച്ചയായും ഇന്ന് പറയേണ്ട സിനിമ ആണ് ഉയരെ.  കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുന്ന കാമുകന്മാർ ഉള്ള ഈ കാലഘട്ടത്തിൽ ഉയരെ എന്ന സിനിമ ഒരു ആവശ്യം ആണ്. പല്ലവി ( പാർവതി തിരുവോത്ത്) എന്ന കഥാപാത്രം പ്രേഷകനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് "ആരാണ് ഇര". തീർച്ചയാവും ഇര എന്ന ലേബൽ അല്ല അവൾ സ്വീകരിച്ചത് ആസിഡ് അക്രമത്തിൽ പൊള്ളലേറ്റ തൻ്റെ മുഖം അവളുടെ സ്വാപ്നങ്ങൾക്ക് ഒരു തടസം അല്ല എന്ന് അവൾ കാണിച്ച് തന്നു. സമൂഹത്തിന്റെ അവഗണന, മുഖം തിരിക്കൽ എന്നിവയെ നെഞ്ചുവിരിച്ച് നേരിടാൻ അവൾ തയ്യാറാവുന്നു, അവൾക്ക് കൂട്ടായി വിശാൽ ചന്ദ്രശേഖരൻ (ടോവിനോ )എന്ന കഥാപാത്രവും നിൽക്കുന്നു.. "ബുദ്ധിയുണ്ട് ഹൃദയമുണ്ട് സൗന്ദര്യത്തെ നമുക്ക് മറ്റൊരു രീതിയിൽ നിർവചിച്ചു കൂടെ" എന്ന് വിശാൽ ചന്ദ്രശേഖരൻ ചോദിക്കുമ്പോൾ സിനിമ അത് പറയാൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി പ്രേഷകനിലേക്ക് എത്തിക്കുന്നു.

ഉയരെ കണ്ട എന്റെ എല്ലാ കൂട്ടുകാരും പറഞ്ഞത് ഗോവിന്ദ് (ആസിഫ് അലി) എന്ന കഥാപാത്രത്തെ കണ്ടാൽ തല്ലണം എന്നാണ്. നിങ്ങൾ ഗോവിന്ദുമാരെ  എന്നും കാണുന്നുണ്ട്. നമുക്ക് ഇടയിൽ തന്നെ എത്ര ഗോവിന്ദമാർ ഉണ്ട്. പെണ്ണൊന്നു ഡാൻസ് കളിച്ചാൽ, അല്പം മോഡേൺ ആയ വസ്ത്രം ധരിച്ചാൽ, മുടിയുടെ നീളം ഒന്ന് കുറഞ്ഞാൽ കലി തുള്ളുന്ന നിരവധി ഗോവിന്ദുമാർ നമുക്ക് ഇടയിൽ ഇല്ലേ, ഒരു പക്ഷെ നിങ്ങൾ തന്നെ ഒരു ഗോവിന്ദ് അല്ലേ.. ഉയരെ എന്ന സിനിമയിൽ എന്നപോലെ ഗോവിന്ദുമാർ ചോദ്യം ചെയ്യപ്പെടുന്നില്ല എന്ന് മാത്രം. സിനിമയിൽ അവന്റെ അച്ഛനോ, അമ്മയോ, സുഹൃത്തുക്കളോ, അയൽപക്കക്കാരോ ഒന്നും ഗോവിന്ദിനെ ഉപദേശിച്ചു കണ്ടില്ല, അച്ഛൻ കേസ് പിൻവലിക്കണം എന്ന അപേക്ഷയുമായാണ് പല്ലവിയെ സമീപിക്കുന്നത്.  എന്തിന് ഗോവിന്ദിന്റെ അമിതമായ possessiveness പല്ലവി പോലും കേറിങ് ആയി ആണ് കണ്ടത്. അങ്ങനെയൊരു സമൂഹം ആണ് ഗോവിന്ദന്മാരെ സൃഷ്ടിക്കുന്നത്.

അമിതമായ possessiveness തന്നെ ആണ് ഗോവിന്ദിനെ പോലെ കേരളത്തിലെ പെട്രോൾ അക്രമണക്കാരുടെയും പ്രെശ്നം. അത് മുളയിലേ നുള്ളേണ്ട പ്രവണത ആണ്. പെണ്ണും ഒരു ഇൻഡിവിജ്വൽ ആണെന്ന ബോധം ഓരോ കാമുകനും ഉണ്ടാവണം. അവർക്കും ഒരു പേർസണൽ സ്പേസ് ഉണ്ട് എന്ന് മനസിലാക്കുക. "Love is authentic only when it gives freedom" എന്ന ഓഷോയുടെ വാക്കുകൾ തന്നെയേ പറയാൻ ഉള്ളു.. അതെ പ്രണയം എന്നാൽ സ്വാതന്ത്ര്യം ആണ്..

ഇനി വീണ്ടും പല്ലവിയിലേക്ക് വരാം. വെളുത്ത് മെലിഞ്ഞ സീറോ സൈസ് സ്വന്ദര്യസങ്കൽപ്പത്തിനെ തോൽപ്പിച്ച് ആണ് പല്ലവി ജോലിയിൽ പ്രവേശിപ്പിക്കുന്നത്. പൂർണ്ണ വിധേയത്തോടെ ഗോവിന്ദിനെ അനുസരിച്ച് കഴിഞ്ഞ പല്ലവി ഇന്റെർവല്ലിന് ശേഷം തൻ്റെ വ്യക്തിത്വം തിരിച്ചു പിടിക്കുന്നു, “എനിക്ക് ഞാനാവണം…നീ ആഗ്രഹിക്കുന്ന ഞാനല്ല..ഞാൻ ആഗ്രഹിക്കുന്ന ഞാനാവണം”.... ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ തന്റെ മുന്നിലേക്ക് പ്രണയവും ഒരു പുതിയ ജീവിതവും വച്ച് നീട്ടിയ വിശാലിനോട് തനിക്ക് ഇപ്പോൾ വേണ്ടത് സൗഹൃദം ആണെന്ന് പറയാൻ ഉള്ള ആർജ്ജവവും കാണിക്കുന്നു പല്ലവി.നായകന് കീഴിൽ മാത്രം ഒതുങ്ങി കൂടുന്ന പതിവ് മലയാള ചലച്ചിത്ര നായിക അല്ല പല്ലവി. വിശാൽ രാജശേഖരനും, സാരിയയുമൊക്കെ ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന സൗഹൃദങ്ങളാണ്… വീണ് പോകുമ്പോൾ കൈ പിടിച്ചുയർത്താൻ, ഒന്ന് കൈ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ, ചേർത്ത് നിർത്താനുമൊക്കെ എന്നും വേണ്ട സൗഹൃദങ്ങൾ.

മലയാളിക്ക് ഏറെ പ്രതീക്ഷ വെക്കാവുന്ന സംവിധായകൻ മനു അശോക് എന്നത് അയാൾ തൻ്റെ ആദ്യ സിനിമയിലൂടെ തന്നെ തെളിയിച്ചു..കാമ്പുള്ള തിരക്കഥ എഴുതി സിനിമയെ ഉയരങ്ങളിൽ എത്തിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടും പ്രശംസ അർഹിക്കുന്നു. സിനിമ പറഞ്ഞ പോലെ 2019 എന്നല്ല ഇനി 2050 ആയാലും ബുദ്ധി ഹൃദയം എന്നിവ കൊണ്ട് സൗന്ദര്യത്തെ നിർവചിക്കുമോ എന്ന് അറിയില്ല എന്നാൽ പലരുടെയും മനസ്സിൽ അങ്ങനെ ഒരു ചിന്തക്ക്  തുടക്കം ഇടാൻ ഉയരെ കാരണമായി

Saturday 22 September 2018

കരുത്തുറ്റ വരത്തന്‍




         പ്രവാസജീവിതത്തില്‍ നിന്ന് ഒരു ഇടവേളക്ക് നാട്ടില്‍ എത്തുന്ന എബിയും പ്രീയയും കേരളത്തില്‍ അനുഭവിക്കുന്ന അരാജകത്വ പ്രവണതകളെ ആവിഷ്കരിക്കുന്നു വരത്തന്‍ എന്ന അമല്‍ നീരദ് ചിത്രം.

കപട സദാചാരം നിയമം ആയ നാട്ടിൽ നമ്മുടെ നാടിന് ഒരു സംസ്കാരം ഉണ്ട് എന്ന മുഖം മൂടി അണിഞ്ഞ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും, പെണ്‍ ശരീരത്തിലേക്കും ഒളിഞ്ഞുനോക്കി സ്വന്തം ലൈംഗീക ദാരിദ്ര്യം അടക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആണ് വരത്തന്‍ വരച്ചുകാട്ടുന്നത്. സ്ത്രീയെ കൊത്തിവലിക്കുന്ന സദാചാരത്തിന്‍റെ നോട്ടങ്ങള്‍, ആണ്‍ മേല്‍ക്കോയ്മയുടെ നോട്ടങ്ങള്‍, അവളുടെ ശരീരം പകര്‍ത്താന്‍ വേണ്ടിയുള്ള ക്യാമറ കണ്ണിലൂടെയുള്ള നോട്ടങ്ങള്‍ എല്ലാം സ്ത്രീയെ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയാക്കുന്നില്ല എന്ന് പറയുന്നു വരത്തന്‍. കേരളത്തില്‍ നിന്ന് ആദ്യം കയറിയ ടാക്സിയില്‍ നിന്ന് തുടങ്ങി തന്‍റെ വീട്ടിലെ കുളിമുറിയില്‍ വരെ നായികയ്ക്ക് ഈ നോട്ടം അനുഭവിക്കേണ്ടി വരുന്നു.

എങ്കിലും എവിടയോ ‘’ഇത് ഒരു നാട്ടിന്‍പ്പുറം ആണ് ഇവിടെ അതിന്‍റേതായ  രീതികള്‍ ഉണ്ട്’’ എന്ന് പറയുന്നിടത്ത് ഒക്കെ സിനിമ ഒരു ഗ്രാമീണ വിരുദ്ധത വരച്ചുകാട്ടുന്നില്ലേ എന്ന് സംശയിക്കായിക ഇല്ല. സെക്സ് ഇസ് നോട് അ പ്രോമിസ് എന്ന് ആഷിക് അബു ചിത്രത്തില്‍ പറഞ്ഞ അതേ നായിക തന്നെ ഈ സിനിമയില്‍ തന്‍റെ ഭര്‍ത്താവിന് തന്നെ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നിടത്തും, തന്‍റെ അച്ഛന്‍ ഉണ്ടെങ്കില്‍ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് പരിതപിക്കുന്നിടത്തും സിനിമ അത് വിമര്‍ശിക്കാന്‍ ഉദ്ദേശിച്ച ആണ്‍മേല്‍ക്കോയ്മയെ തന്നെ പുല്‍കുന്നത് കാണാം.

എങ്കിലും സാവധാനം കഥ പറഞ്ഞ് ഒടുക്കം അതിന്‍റെ ഫുള്‍ ഫെയ്സില്‍ അവസാനിക്കുന്ന ഒരു മികച്ച ത്രിലര്‍ തന്നെയാണ് വരത്തന്‍. അമല്‍ നീരദ് സിനിമകളുടെ പോരായമ ആയി പലപ്പോഴും തോന്നാറുള്ളത് അതിന്‍റെ ക്ലൈമാക്സ് ആണ് എന്നാല്‍ വരത്തന്‍റെ പ്ലസ് പോയിന്‍റ് എന്നത് ക്ലൈമാക്സ് ആണ്. അവസാന 30 മിനിട് മികച്ച് നില്‍ക്കുന്നു സിനിമ. ക്ലോസ്ഡ് ഫ്രെയിംമില്‍ നടീനടന്മാരുടെ വികാര തീവ്രത ഒപ്പിയെടുക്കുന്നതും വൈഡ് ഫ്രെയിംമില്‍ പശ്ചാത്തലം  ഒപ്പിയെടുക്കുന്നതുമായ  ക്യാമറ തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്, പശ്ചാതല സംഗീതവും, നടീ നടന്മാരുടെ പ്രകടനവും എടുത്ത് പറയേണ്ടത് ആണ്.

വരത്തന്‍ മികച്ച ദൃശ്യ-ശബ്ദ സംവിധാനങ്ങള്‍ ഉള്ള തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമ ആണ്, ഒറ്റവരിയില്‍ പറഞ്ഞാല്‍ വരത്തന്‍ ഇസ് അ മസ്റ്റ് വാച്ച് ഇന്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് ‘.

Sunday 23 July 2017

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - ഒരു രാഷ്ട്രീയ അശ്ലീല സിനിമ

       


 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ നാല് വര്‍ഷം തികയ്ക്കുമ്പോള്‍ അതിലെ രാഷ്ട്രീയം വീണ്ടും ചര്ച്ചയാവുകയാണ്. എന്നാല്‍ ഈ സിനിമയുടെ രാഷ്ട്രീയം അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് സത്യം. ഇടത് ചാടി വലത് ചാടി ഒടുവില്‍ താമര വിരിയുന്ന ചളികുണ്ടില്‍ അഭയം പ്രാപിക്കുന്ന സിനിമയെ ഇടതുപക്ഷ സിനിമ ആയി ആണ് പലരും ബ്രാന്‍ഡ്‌ ചെയ്യുന്നത്. ഈ സിനിമ അതിലെ രാഷ്ട്രീയം കൊണ്ട് എത്രമാത്രം അപകടമാണ് എന്ന തിരിച്ചറിവ് പൊതുബോധത്തില്‍ പ്രക്ഷേപിക്കുന്നതില്‍ നാം തീരെ വിജയിച്ചിട്ടില്ല എന്നതിന്‍റെ തെളിവ് ആണിത്. സിനിമയില്‍ രാഷ്ട്രീയം കാണേണ്ടത് ഉണ്ടോ സിനിമയെ സിനിമ ആയി ആസ്വദിക്കാന്‍ പഠിക്കു എന്ന്‍ പറയുന്ന ഫേസ്ബുക്ക് സിനിമ നിരൂപകര്‍ ഇത് വായിക്കണം എന്നില്ല എന്തന്നാല്‍ ഈ ലേഖനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ നിങ്ങങ്ങള്‍ക്ക് കഴിയുമോ എന്ന്‍ ഞാന്‍ സംശയിക്കുന്നു.

'പലിശക്കാരുടെ ആക്രമണത്തില്‍ നിന്ന് നായകനെ രക്ഷിക്കുന്ന കാവി ട്രവ്സര്‍ ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍', മലയാള സിനിമയില്‍ ഇതുവരെ പ്രതിനായകസ്ഥാനത്ത് നിലനിര്‍ത്തിയിരുന്ന ഒരു വര്‍ഗത്തെ നായകസ്ഥാനത്ത് കൈപിടിച്ചു കയറ്റി മുരളി ഗോപി എന്ന തിരക്കഥകൃത്തും അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധായകനും തങ്ങളുടെ സംഘപക്ഷം മുന്‍പ് ഈ അടുത്തകാലത്ത് എന്ന സിനിമയിലൂടെ വെക്തമാക്കിയത് ആണ്. മുന്‍പ് പ്രത്യക്ഷത്തില്‍ വെക്തമാക്കിയത് ഈ സിനിമയില്‍ പരോക്ഷമായി അവതരിപ്പിക്കുന്നു.

ഇടതുകൈക്ക് സ്വാധീനം നഷ്ടപെട്ട നിസ്സഹായനായ നായകന്‍,അയാളുടെ വലതുകൈകൊണ്ട് ഒന്നും ചെയ്യാനും കഴിയുന്നില്ല, ഇവിടെ ആണ് നായകന്‍ ചെയ്യേണ്ടിയിരുന്ന കര്‍മ്മം ചെയ്യാന്‍ 
 വേണ്ടി   രുദ്രാക്ഷധാരിയായ പ്രതിനായകന്‍ എന്ന് മുദ്രചെയ്യപ്പെട്ട എന്നാല്‍ യഥാര്‍ത്ഥത്തില്‍ നല്ലവന്‍ ആയ ജയന്‍ കടന്ന്‍ വരുന്നത്. സിനിമയിലെ രാഷ്ട്രീയം വെക്തമല്ലേ?   സിപിഐഎം സംസ്ഥാന സെക്രട്ടറി വധാര്‍ഹന്‍ ആണെന്ന സിനിമയുടെ സന്ദേശത്തിലും അപകടമാണ് സിനിമ ഉയര്‍ത്തുന്ന ഈ രാഷ്ട്രീയചിന്ത.  ഇടതുപക്ഷ വിമര്‍ശനം സിനിമയില്‍ വരുന്നത് ഇത് ആദ്യമല്ല ഇന്നോളം കൊണ്ടാടിയ മലയാള ഇടതുപക്ഷ സിനിമ ഒക്കെ ഇടത് വിമര്‍ശനം തന്നെ ആണ് മുന്നോട്ട് വച്ചത്. പക്ഷെ ഈ സിനിമയില്‍ ഇടത് വിമര്‍ശനം എന്നതിനപ്പുറമുള്ളത് കാവിക്ക് വളക്കുറുള്ള മണ്ണോരുക്കുക എന്നതാണ്. സിനിമ ഒളിച്ചുകടത്തുന്ന ഈ രാഷ്ട്രീയം പക്ഷെ ഗ്രഹിക്കാന്‍ ഫേസ്ബുക്ക് വഴി രാഷ്ട്രീയം പഠിച്ച ഈ തലമുറക്ക് കഴിഞ്ഞില്ല, അവര്‍ ഉപരിപ്ലവമായ കാഴ്ചകളില്‍ ഒതുങ്ങിയപ്പോള്‍ സിനിമയുടെ യഥാര്‍ത്ഥ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. 

സിനിമ വഴി ചില വ്യക്തികളെ ഉന്നം വെച്ചുള്ള വിരോധം തീര്‍ക്കലോ അല്ലെങ്കില്‍ വ്യക്തിഹത്യയോ  ഞാന്‍ ഇവിടെ ചര്‍ച്ച ആക്കുന്നില്ല, എന്നാല്‍ ചില രാഷ്രീയ ശെരികേടുകള്‍ ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. അത് നമുക്ക് ചര്‍ച്ച ചെയ്യാം.   

എംജി കോളേജ് എന്ന കേരളത്തിലെ ഏബിവിപിയുടെ ശതമായ കോളേജ് എങ്ങനെ ആണ് സിനിമ കാണിച്ചിരിക്കുന്നത് എന്ന്‍ നോക്കുക. ഏബിവിപി ഗുണ്ടായിസം കൊണ്ട് പേര് കേട്ട ആ കോളേജില്‍ പക്ഷെ എസ്എഫ്ഐയോട് തല്ലി ജയിക്കാനോ അവര്‍ കരുതുന്നത്ര ആയുധം കരുതാനോ അവര്‍ക്ക് കഴിയില്ല എന്ന്‍ സിനിമ പറയുന്നു, എസ്എഫ്ഐ സംഘടിച്ച് എത്തിയാല്‍ പിന്നോക്കം പോവുന്ന പാവങ്ങള്‍ ആണ് ഏബിവിപി പ്രവര്‍ത്തകര്‍. അതായത് എംജി കോളേജ് കാവി പുതച്ചത് ഗൂണ്ടായിസം കൊണ്ടല്ല മറിച്ച് കാവിയോട് ഉള്ള സ്നേഹം കൊണ്ടാണ് എന്ന് ചുരുക്കം. ഇനി ഏബിവിപി നേതാവിന്‍റെ പാത്രസൃഷ്ടി നോക്കു അതുവരെ കോമഡി ചെയ്തിരുന്ന കേരളിയ മനസ്സില്‍ നിഷ്ക്കളങ്കന്‍ ആയ നടനെ വില്ലന്‍ ആയി വരുന്നു,അതായത് ഏബിവിപി പ്രവര്‍ത്തകര്‍ മസില്‍ പിടിച്ച് നടക്കും എങ്കിലും ഒരു തല്ലിന് പോവാനോ ഗൂണ്ടായിസം കാണിക്കാനോ കഴിയില്ല അവര്‍ ശെരിക്കും നിഷ്ക്കളങ്കര്‍ ആണ് എന്ന്‍ സിനിമ പറയുന്നു. അവസാനം ഇത് സ്ഥാപിക്കും വിധം മുന്‍ വിപ്ലവ പാര്‍ട്ടി യുവജന സംഘടനാ പ്രവര്‍ത്തകന്‍ ഇങ്ങനെ പറയുന്നു : "അവര്‍ അങ്ങിനെ ചെയ്യില്ലെന്ന് (റോയിയെ വെട്ടുമെന്ന്) അന്നും ഇന്നും എനിക്കുറപ്പായിരുന്നു!" അതായത് ശൂലവും വാളുമൊക്കെ ഇങ്ങിനെ കാണിക്കും എന്നേയുള്ളൂ, അവരതൊന്നും എടുത്തുപയോഗിക്കില്ലെന്ന് !

ദേവിയെ ലൈംഗികതൃഷ്ണയോടെ നോക്കുന്ന മുസ്ലിം നാമധാരി ആയ പോലീസ് ഉധ്യോഗസ്ഥന്‍ മുതല്‍ നായകനാല്‍ അപഹരി ക്കപെട്ട തന്‍റെ പണം മറ്റൊരു അവസരത്തില്‍ തിരിച്ച് മേടിക്കാന്‍ ശ്രെമിക്കുന്ന വിസ ഏജന്റിനെ എടാ അച്ചായ എന്ന്‍ വിളിക്കുന്ന നായകന്‍ വരെ നൂനപക്ഷങ്ങള്‍ക്ക് സംഘികള്‍ ചാര്‍ത്തിക്കൊടുത്ത ലേബല്‍ സിനിമയും ചാര്‍ത്തികൊടുക്കുന്നു. ഒടുവില്‍ ആ ദേവിയുടെ വരം എന്ന്‍ പറഞ്ഞ് ദേവിയെ നോക്കിയതിന്  ശിക്ഷനല്‍കുന്നതും രുദ്രാക്ഷധാരിയായ നായകന്‍.  

നായകന്‍റെ ഇടത്കൈക്ക് സ്വാധീനം നഷ്ടപെട്ടു, വലത്കൈകൊണ്ട് ആണേല്‍ ഒരു പ്രയോജനവും ഇല്ല നായകന്‍റെ കര്‍മ്മം ഈ ഭൂമിയില്‍ ചെയ്യാന്‍ ഒരു രുദ്രാക്ഷധാരി വരേണ്ടിയിരിക്കുന്നു എന്ന്‍ സിനിമ പറയുന്നു. അതായത് ഇടത് വലത്  രാഷ്ട്രീയത്തിന് ഒരു ബദല്‍ ഇവിടെ ഉയരേണ്ടിയിരിക്കുന്നു എന്ന്‍ സിനിമ പറയുന്നു. ആ രാഷ്ട്രീയം എന്താണ് എന്ന്‍ സിനിമ പരോക്ഷമായി പറയുന്നു. ആ രാഷ്ട്രീയത്തിന് വിളനിലം ഒരുക്കുക എന്നത് ആണ് സിനിമയുടെ ലക്ഷ്യം. പിണറായിയെ മാത്രം അല്ല സിനിമ ഉന്നം വെക്കുന്നത് എന്ന്‍ കാണുക. പിണറായി വിഎസ് എന്ന രണ്ട് ബിംബങ്ങളില്‍ ഇടതുപക്ഷം ചുരുങ്ങിപ്പോയ ഒരു കാലത്ത് ആയിരുന്നു സിനിമ റിലീസ് ചെയ്യുന്നത്. ആ ഒരു കാലഘട്ടത്തില്‍ രണ്ട് പേരെയും പ്രതിനായക സ്ഥാനത്ത് നിര്‍ത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആകെ പ്രതിസ്ഥാനത്ത് നിര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം സിനിമക്ക് ഉണ്ട്. അടിയന്തിരാവസ്ഥകാലങ്ങളിലെ മരണം മുതല്‍ ടിപി വധത്തില്‍ വരെ വിഎസിനു പങ്ക് ഉണ്ട് എന്ന്‍ സിനിമ പറയുന്നു. അതായത് വിഎസ് ജനം കരുതും പോലെ ഒരു രക്ഷകന്‍ അല്ല, അതായത് പൂര്‍ണ്ണമായും ജീര്‍ണിച്ച പാര്‍ട്ടിയില്‍ നിന്ന്‍ ഇനി ഒരു രക്ഷകന്‍ വരില്ല എന്ന്‍. പിണറായിയുടെ ആക്രോശത്തിന് മുന്നില്‍ മുട്ടുവിറച്ച വലതന്മാര്‍ക്കും ഒരു രക്ഷകന്‍ ആകാന്‍ കഴിയില്ല. പിന്നെ ആര് എന്ന്‍ സിനിമ ചോദിക്കുന്നു? ഉത്തരവും അതില്‍ ഒളിച്ചു വച്ചിരിക്കുന്നു.


Wednesday 28 October 2015

രാഹുല്‍ ഈശ്വറിന് ഒരു തുറന്ന കത്ത്


പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍,
                              നിങ്ങള്‍ ഇന്ന് ഇട്ട രണ്ട് ട്വീറ്റ് ആണ് എന്നെ ഈ ഒരു ബ്ലോഗ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ എന്ന പേര് എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഇടപെടും മുന്‍പ് തന്നെ അറിയാമായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ആണെന്ന് തോനുന്നു എന്റെ അമ്മ കിരണ്‍ ടിവിയിലെ ഒരു പ്രോഗ്രാമില്‍ നിങ്ങളെ കാണിച്ചു തരുന്നത്. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു " എന്ത് വിവരം ആണെന്നോ ആ ചെക്കന്, എന്ത് ചോദിച്ചാലും ചെക്കന് അറിയാം അവനെ ഒക്കെ കണ്ട് പഠിക്കെടാ".  പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, നിങ്ങള്‍ എന്താണ് എന്ന് കേരളത്തിന്‌ കാണിച്ച് കൊടുത്ത 'മലയാളി ഹൗസ് ' ടെലിക്കാസ്റ്റ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ഒരു ചര്‍ച്ച ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. അന്ന്, നിങ്ങളെ കണ്ട് പഠിക്കാന്‍ പറഞ്ഞ അതേ അമ്മ ഉണ്ട് പറയുന്നു നിനക്ക് ഒന്നും പഠിക്കാന്‍ ഇല്ലേ ഓരോ മണ്ടത്തരങ്ങള്‍ കേട്ട് ഇരുന്നാമാതിയല്ലോ എന്ന്. എന്‍റെ അമ്മ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി ആണ്, പ്രതേകിച്ചു ഒരു രാഷ്ട്രീയ വീക്ഷണവും  ഇല്ലാത്ത അച്ഛന്റെ രാഷ്ട്രീയം വലതുപക്ഷം ആയത് കൊണ്ട് മാത്രം വലതുപക്ഷത്തിന് വോട്ട് ചെയ്യുന്ന, എന്റെ വീടും ചുറ്റുപാടും മാത്രമാണ് സ്വര്‍ഗം എന്ന് വിശ്വസിക്കുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ. നിങ്ങളുടെ വായിച്ചതിന്റെ പകുതി  ബുക്കുകള്‍  എന്റെ അമ്മ വായിച്ചിട്ടുണ്ടാവില്ല, നിങ്ങളുടെ അത്ര വിദ്യാഭ്യാസവും ഇല്ല, അങ്ങനെ ഉള്ള എന്റെ അമ്മ ടിവിയില്‍ കണ്ട അറിവ് വെച്ച് മാത്രം നടത്തിയ ഈ വിലയിരുത്തലുകള്‍ നിങ്ങള്‍ പുച്ഛത്തോടെ തള്ളുമായിരിക്കാം. എങ്കിലും രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ ഒന്ന് മനസിലാക്കുക ഇവിടുള്ള ഭൂരിപക്ഷം പേര്‍ക്കും ആദ്യം നിങ്ങളെ കുറിച്ച് ഉണ്ടായിരുന്ന കാഴ്ച്ചപ്പാടും  ഇപ്പോള്‍ ഉള്ള കാഴ്ച്ചപ്പാടും ഇത് തന്നെ ആണ്. അതിന് നിങ്ങള്‍ ഒന്ന് സമൂഹത്തില്‍ ഇറങ്ങി നിസപക്ഷമായി നിങ്ങളെ വിലയിരുത്തും എന്ന് കരുതുന്ന പത്ത് പേരോട് ചോദിച്ചാല്‍ മതി. 

ഇനി ഈ ബ്ലോഗ്‌ എഴുതാന്‍ ഉള്ള സാഹചര്യത്തിലേക്ക് വരാം. "Masked leftists" ഇതാണ് ദേശീയ പുരസ്ക്കാരം തിരിച്ച് നല്‍കിയ ചലച്ചിത്രകാരന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞത്. പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ വെറും "masked communalist" ആണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്. ഒരു ചര്‍ച്ചയില്‍ ചിന്ത ജെറോം നിങ്ങളെ അനവസരത്തില്‍ ആണെങ്കില്‍ കൂടി വര്‍ഗീയവാദി എന്ന് വിളിച്ചപ്പോള്‍ അതിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ പിന്തുണ നിങ്ങള്‍ കണ്ട് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ബിജെപി എന്ന പാര്‍ട്ടിയില്‍ വിശ്വസിക്കാം ആര്‍എസ്എസ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാം ആരും ചോദ്യം ചെയ്യുന്നില്ല, അത് നിങ്ങളുടെ സ്വാതന്ത്ര്യം പിന്നെ എന്തിനാണ് നിങ്ങള്‍ അതിന് തയ്യാറാക്കുന്നില്ല മതേതരത്വം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ എഴുതി ത്രിവര്‍ണ്ണ പതാക ഡ്രെസ്സില്‍ അണിഞ്ഞ് നിങ്ങള്‍ ഇനിയും ആളെ പറ്റിക്കാന്‍ നോക്കല്ലേ അത് ഈ മണ്ണില്‍ വിലപ്പോവില്ല എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു.  

ബിജെപിയുടെ സംസ്കാരിക വിഭാഗം തലവന്‍, പണ്ട് എങ്ങോ മഹാഭാരതം സീരിയലുകളില്‍ അഭിനയിച്ചു ഇതാണോ ഇന്ത്യയുടെ തന്നെ അഭിമാനമായ ഒരു സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആക്കാന്‍ ഉള്ള യോഗ്യത ആവേണ്ടത്. കഴിവ് ഉള്ള പലരെയും പുറത്ത് നിറുത്തി ഗജേന്ദ്ര  ചൌഹാനെ നിയമിച്ചതില്‍ നിങ്ങള്‍ക്ക് തെറ്റുകള്‍ കാണാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് വര്‍ഗീയ തിമിരം ബാധിച്ചത് കൊണ്ടാണ് എന്ന് വിശ്വസിക്കാനേ തരമുള്ളൂ. രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ക്ക് കേരള സമൂഹം നല്‍കിയ ബഹുമാനം ഒക്കെ നിങ്ങള്‍ തന്നെ കളഞ്ഞ് കുളിച്ചു. ഇപ്പോള്‍ നിങ്ങള്‍ എല്ലാവര്‍ക്കും ട്രോള്‍ ചെയ്യാന്‍ വക നല്‍കുന്ന ഒരു ശരാശരി നിരീക്ഷണം ആണ് നടത്തുന്നത്.   നിങ്ങള്‍ അന്തസോടെ പറയു ഞാന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആണ് അല്ലെങ്കില്‍ അനുഭാവി ആണ് എന്ന് അല്ലാതെ കപട നിസ്പക്ഷം ചമഞ്ഞ് ബിജെപിക്ക് വേണ്ടി കുഴല്‍ ഊത്ത് നടത്തിയാല്‍ അത് കേരള സമൂഹത്തിന് മനസിലാവില്ല എന്ന് കരുതുന്നത് മണ്ടത്തരം ആണ്.

നിങ്ങള്‍ക്ക് എതിരെ വിമര്‍ശനം വന്നാല്‍ നിങ്ങള്‍ വളരെ അസഹിഷ്ണുതയോടെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നേരെ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. പണ്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ മലയാളി ഹൗസ് എന്ന പരിപാടിയെ വിമര്‍ശിച്ച ഒരു വെക്തിയോട് നിങ്ങള്‍ ചോദിക്കുന്നത് കേട്ടു പരിപാടി മുഴുവന്‍ കണ്ട നിങ്ങള്‍ക്ക് അത് അശ്ലീലം ആണെന്ന് പറയാന്‍ യോഗ്യത ഇല്ല,നിങ്ങള്‍ക്ക് വേണ്ടങ്കില്‍ നിങ്ങള്‍ അത് കാണണ്ട എന്ന് വെച്ചാല്‍ മതിയായിരുന്നു എന്ന്. അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ അശ്ലീല സൈറ്റ് നിരോധിക്കണം എന്ന വാദം പൊക്കി പിടിച്ച് നടക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്. നിങ്ങള്‍ക്ക് അത് അശ്ലീലം ആണെങ്കില്‍ അത് കണെണ്ട എന്ന് വെച്ചാല്‍ പോരെ. പിന്നെ നിങ്ങളുടെ സ്ഥിരം പല്ലവി ഉണ്ടല്ലോ നിങ്ങള്‍ ഇടതുപക്ഷമാണ് അതാണ് ഇങ്ങനെ പറയുന്നത് എന്ന്. ശെരി ആണ് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് ആയത് കൊണ്ടാണല്ലോ ഞാന്‍ ഇത് പറയുന്നത്. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല എങ്കില്‍ ആരാണ് ഇവിടെ പ്രതികരിക്കുക. നെറികേടുകള്‍ക്ക് നേരേ പ്രതികരിച്ചത് കൊണ്ടാണല്ലോ ഞങ്ങളെ ഇടതുപക്ഷമെന്ന് വിളിക്കുന്നത് തന്നെ.

വെക്തിപരമായി ഒരിടത്തും നിങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ ശ്രെമിച്ചിട്ടില്ല, എങ്കിലും ബ്ലോഗ്‌ എഴുത്തില്‍ ഉള്ള അനുഭവക്കുറവ്മൂലം നിങ്ങള്‍ക്ക് എവിടെയെങ്കിലും അങ്ങനെ അനുഭവപ്പെട്ടു എങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു.