Wednesday, 28 October 2015

രാഹുല്‍ ഈശ്വറിന് ഒരു തുറന്ന കത്ത്


പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍,
                              നിങ്ങള്‍ ഇന്ന് ഇട്ട രണ്ട് ട്വീറ്റ് ആണ് എന്നെ ഈ ഒരു ബ്ലോഗ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ എന്ന പേര് എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഇടപെടും മുന്‍പ് തന്നെ അറിയാമായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ആണെന്ന് തോനുന്നു എന്റെ അമ്മ കിരണ്‍ ടിവിയിലെ ഒരു പ്രോഗ്രാമില്‍ നിങ്ങളെ കാണിച്ചു തരുന്നത്. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു " എന്ത് വിവരം ആണെന്നോ ആ ചെക്കന്, എന്ത് ചോദിച്ചാലും ചെക്കന് അറിയാം അവനെ ഒക്കെ കണ്ട് പഠിക്കെടാ".  പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, നിങ്ങള്‍ എന്താണ് എന്ന് കേരളത്തിന്‌ കാണിച്ച് കൊടുത്ത 'മലയാളി ഹൗസ് ' ടെലിക്കാസ്റ്റ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ഒരു ചര്‍ച്ച ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. അന്ന്, നിങ്ങളെ കണ്ട് പഠിക്കാന്‍ പറഞ്ഞ അതേ അമ്മ ഉണ്ട് പറയുന്നു നിനക്ക് ഒന്നും പഠിക്കാന്‍ ഇല്ലേ ഓരോ മണ്ടത്തരങ്ങള്‍ കേട്ട് ഇരുന്നാമാതിയല്ലോ എന്ന്. എന്‍റെ അമ്മ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി ആണ്, പ്രതേകിച്ചു ഒരു രാഷ്ട്രീയ വീക്ഷണവും  ഇല്ലാത്ത അച്ഛന്റെ രാഷ്ട്രീയം വലതുപക്ഷം ആയത് കൊണ്ട് മാത്രം വലതുപക്ഷത്തിന് വോട്ട് ചെയ്യുന്ന, എന്റെ വീടും ചുറ്റുപാടും മാത്രമാണ് സ്വര്‍ഗം എന്ന് വിശ്വസിക്കുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ. നിങ്ങളുടെ വായിച്ചതിന്റെ പകുതി  ബുക്കുകള്‍  എന്റെ അമ്മ വായിച്ചിട്ടുണ്ടാവില്ല, നിങ്ങളുടെ അത്ര വിദ്യാഭ്യാസവും ഇല്ല, അങ്ങനെ ഉള്ള എന്റെ അമ്മ ടിവിയില്‍ കണ്ട അറിവ് വെച്ച് മാത്രം നടത്തിയ ഈ വിലയിരുത്തലുകള്‍ നിങ്ങള്‍ പുച്ഛത്തോടെ തള്ളുമായിരിക്കാം. എങ്കിലും രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ ഒന്ന് മനസിലാക്കുക ഇവിടുള്ള ഭൂരിപക്ഷം പേര്‍ക്കും ആദ്യം നിങ്ങളെ കുറിച്ച് ഉണ്ടായിരുന്ന കാഴ്ച്ചപ്പാടും  ഇപ്പോള്‍ ഉള്ള കാഴ്ച്ചപ്പാടും ഇത് തന്നെ ആണ്. അതിന് നിങ്ങള്‍ ഒന്ന് സമൂഹത്തില്‍ ഇറങ്ങി നിസപക്ഷമായി നിങ്ങളെ വിലയിരുത്തും എന്ന് കരുതുന്ന പത്ത് പേരോട് ചോദിച്ചാല്‍ മതി. 

ഇനി ഈ ബ്ലോഗ്‌ എഴുതാന്‍ ഉള്ള സാഹചര്യത്തിലേക്ക് വരാം. "Masked leftists" ഇതാണ് ദേശീയ പുരസ്ക്കാരം തിരിച്ച് നല്‍കിയ ചലച്ചിത്രകാരന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞത്. പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ വെറും "masked communalist" ആണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്. ഒരു ചര്‍ച്ചയില്‍ ചിന്ത ജെറോം നിങ്ങളെ അനവസരത്തില്‍ ആണെങ്കില്‍ കൂടി വര്‍ഗീയവാദി എന്ന് വിളിച്ചപ്പോള്‍ അതിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ പിന്തുണ നിങ്ങള്‍ കണ്ട് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ബിജെപി എന്ന പാര്‍ട്ടിയില്‍ വിശ്വസിക്കാം ആര്‍എസ്എസ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാം ആരും ചോദ്യം ചെയ്യുന്നില്ല, അത് നിങ്ങളുടെ സ്വാതന്ത്ര്യം പിന്നെ എന്തിനാണ് നിങ്ങള്‍ അതിന് തയ്യാറാക്കുന്നില്ല മതേതരത്വം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ എഴുതി ത്രിവര്‍ണ്ണ പതാക ഡ്രെസ്സില്‍ അണിഞ്ഞ് നിങ്ങള്‍ ഇനിയും ആളെ പറ്റിക്കാന്‍ നോക്കല്ലേ അത് ഈ മണ്ണില്‍ വിലപ്പോവില്ല എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു.  

ബിജെപിയുടെ സംസ്കാരിക വിഭാഗം തലവന്‍, പണ്ട് എങ്ങോ മഹാഭാരതം സീരിയലുകളില്‍ അഭിനയിച്ചു ഇതാണോ ഇന്ത്യയുടെ തന്നെ അഭിമാനമായ ഒരു സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആക്കാന്‍ ഉള്ള യോഗ്യത ആവേണ്ടത്. കഴിവ് ഉള്ള പലരെയും പുറത്ത് നിറുത്തി ഗജേന്ദ്ര  ചൌഹാനെ നിയമിച്ചതില്‍ നിങ്ങള്‍ക്ക് തെറ്റുകള്‍ കാണാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് വര്‍ഗീയ തിമിരം ബാധിച്ചത് കൊണ്ടാണ് എന്ന് വിശ്വസിക്കാനേ തരമുള്ളൂ. രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ക്ക് കേരള സമൂഹം നല്‍കിയ ബഹുമാനം ഒക്കെ നിങ്ങള്‍ തന്നെ കളഞ്ഞ് കുളിച്ചു. ഇപ്പോള്‍ നിങ്ങള്‍ എല്ലാവര്‍ക്കും ട്രോള്‍ ചെയ്യാന്‍ വക നല്‍കുന്ന ഒരു ശരാശരി നിരീക്ഷണം ആണ് നടത്തുന്നത്.   നിങ്ങള്‍ അന്തസോടെ പറയു ഞാന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആണ് അല്ലെങ്കില്‍ അനുഭാവി ആണ് എന്ന് അല്ലാതെ കപട നിസ്പക്ഷം ചമഞ്ഞ് ബിജെപിക്ക് വേണ്ടി കുഴല്‍ ഊത്ത് നടത്തിയാല്‍ അത് കേരള സമൂഹത്തിന് മനസിലാവില്ല എന്ന് കരുതുന്നത് മണ്ടത്തരം ആണ്.

നിങ്ങള്‍ക്ക് എതിരെ വിമര്‍ശനം വന്നാല്‍ നിങ്ങള്‍ വളരെ അസഹിഷ്ണുതയോടെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നേരെ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. പണ്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ മലയാളി ഹൗസ് എന്ന പരിപാടിയെ വിമര്‍ശിച്ച ഒരു വെക്തിയോട് നിങ്ങള്‍ ചോദിക്കുന്നത് കേട്ടു പരിപാടി മുഴുവന്‍ കണ്ട നിങ്ങള്‍ക്ക് അത് അശ്ലീലം ആണെന്ന് പറയാന്‍ യോഗ്യത ഇല്ല,നിങ്ങള്‍ക്ക് വേണ്ടങ്കില്‍ നിങ്ങള്‍ അത് കാണണ്ട എന്ന് വെച്ചാല്‍ മതിയായിരുന്നു എന്ന്. അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ അശ്ലീല സൈറ്റ് നിരോധിക്കണം എന്ന വാദം പൊക്കി പിടിച്ച് നടക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്. നിങ്ങള്‍ക്ക് അത് അശ്ലീലം ആണെങ്കില്‍ അത് കണെണ്ട എന്ന് വെച്ചാല്‍ പോരെ. പിന്നെ നിങ്ങളുടെ സ്ഥിരം പല്ലവി ഉണ്ടല്ലോ നിങ്ങള്‍ ഇടതുപക്ഷമാണ് അതാണ് ഇങ്ങനെ പറയുന്നത് എന്ന്. ശെരി ആണ് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് ആയത് കൊണ്ടാണല്ലോ ഞാന്‍ ഇത് പറയുന്നത്. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല എങ്കില്‍ ആരാണ് ഇവിടെ പ്രതികരിക്കുക. നെറികേടുകള്‍ക്ക് നേരേ പ്രതികരിച്ചത് കൊണ്ടാണല്ലോ ഞങ്ങളെ ഇടതുപക്ഷമെന്ന് വിളിക്കുന്നത് തന്നെ.

വെക്തിപരമായി ഒരിടത്തും നിങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ ശ്രെമിച്ചിട്ടില്ല, എങ്കിലും ബ്ലോഗ്‌ എഴുത്തില്‍ ഉള്ള അനുഭവക്കുറവ്മൂലം നിങ്ങള്‍ക്ക് എവിടെയെങ്കിലും അങ്ങനെ അനുഭവപ്പെട്ടു എങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു.

Sunday, 11 October 2015

എന്ത് കഴിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും

"ഞാന്‍ ഇങ്ങനെ പറയുന്നത് കൊണ്ട് നിങ്ങള്‍ അത്ഭുതപെട്ടേക്കാം, ബീഫ് കഴിക്കാത്തയാള്‍ നല്ല ഹിന്ദു അല്ല"                                                     ---സ്വാമി വിവേകാനന്ദന്‍  (വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍, മൂന്നാം വാല്യം, പേജ് 536)


ഫാസിസ്റ്റ് ശക്തികള്‍ നമ്മുടെ ഭക്ഷണ രീതിയിലേക്കും തല നീട്ടി കൊണ്ടിരിക്കുന്നു.പശു,കാള, പോത്ത്, എരുമ എന്നി നാല്‍ക്കാലികളുടെ ഇറച്ചി എന്നര്‍ത്ഥത്തില്‍ പൊതുവേ പ്രയോഗിച്ചിരുന്ന ബീഫിന് നമ്മുടെ ഭക്ഷണക്രമത്തില്‍ ചരിത്രപരമായി തന്നെ സുപ്രധാനമായ സ്ഥാനം ഉണ്ട്. മനുഷ്യന്‍ കന്നുകാലികളെയും മേച്ച്‌ നടന്നിരുന്ന കാലഘട്ടത്തില്‍ തന്നെ മാട്ടിറച്ചി അവന്‍റെ സ്ഥിര ഭക്ഷണമായി മാറിയിരുന്നു. വേദകാലഘട്ടത്തിലും നമ്മള്‍ ബീഫ് ഉപയോഗിച്ചിരുന്നു. ഇന്ദ്രദേവന് കാളയിറച്ചിയും, ശനിദേവന് പശുവും പ്രിയപ്പെട്ടവ ആണെന്ന് വേദങ്ങള്‍ തന്നെ സാഷ്യപെടുത്തുന്നു. ഒരു സമൂഹം അവന് ഇഷടപെട്ടത് എന്തോ അതാണ് അവന്‍ അവന്‍റെ ദൈവത്തിന് കാഴ്ച വെക്കുന്നത്. കള്ളു , മത്സ്യം, മാസ്യം എന്നിവ ചില ക്ഷേത്രങ്ങളില്‍ മുഖ്യ നിവേദ്യം ആവുന്നത് അതിനാല്‍ ആണ്.നേപ്പാളില്‍ ഹിന്ദുദൈവ പ്രീതിക്ക് വേണ്ടി  വന്‍ തോതില്‍ നടത്തി വരുന്ന മൃഗബലി(പശു) തന്നെ ഇതിന്  ഒരു ഉദാഹരണം ആണ്. ബുദ്ധ-ജൈന മതങ്ങളുടെ വരവോടെ ആണ് മൃഗഹിംസക്ക് എതിര്‍ വാദങ്ങള്‍ ഉയര്‍ന്നു വന്നത്. അല്ലാതെ ഹിന്ദു ഒരിക്കലും ഇതിന് എതിര്‍ ആയിരുന്നില്ല. ബ്രാഹ്മണപണ്ഡിതന്‍ ആയ D N ത്ധാ രചിച്ച "മിത്ത് ഓഫ് ഹോളി കവ്" എന്ന ബുക്കില്‍ ഇതിനെ കുറിച്ച് ആതികാരിക വസ്തുതകള്‍ കാണാം. ഈ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഭാരതീയര്‍ സസ്യഭുക്കുകള്‍ ആണെന്ന കല്പിതചിരിത്രം നിര്‍മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

മഹാരാഷ്ട്രയില്‍ മാട്ടിറച്ചി വില്‍ക്കുന്നതും കഴിക്കുന്നതും നിയമം മൂലം തടഞ്ഞത് ആണ് ഈ അടുത്ത് മാട്ടിറച്ചി വിവാദം ആളിക്കതിച്ചത്.1976ലെ അനിമല്‍ പ്രിസര്‍വേഷന്‍ നിയമപ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതില്‍ ഭേദഗതി വരുത്തി ആണ് ഇപ്പോള്‍ എല്ലാത്തരം മാട്ടിറച്ചിയും കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും ശിക്ഷയും പിഹയും ലഭിക്കുന്ന കുറ്റം ആക്കിയത്(കൂടുതല്‍ വിവരങ്ങള്‍ക്ക്).അതിനെ തുടര്‍ന്ന് ഉണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പ് ആണ് ബീഫ് കഴിച്ചു എന്ന് ആരോപിച്ചു ഉത്തര്‍ പ്രദേശില്‍ ഒരു മധ്യവയസ്കനെ അടിച്ചു കൊന്നത്. ഇത് ഒരു മതേതര സമൂഹത്തിന് ഒട്ടും ഭൂഷണം അല്ല. ഇവിടെ ആണ് ബീഫ്ഫെസ്റ്റിവലിന് പ്രസക്തി വര്‍ധിക്കുന്നത്.എന്ത് തിന്നണം എന്ത് ഉടുക്കണം എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ ആവണം അല്ലാതെ ഭരണകൂടം ആവരുത്. അങ്ങനെ ഭരണകൂടം ഇടപെടാന്‍ തുടങ്ങുമ്പോള്‍ ആണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ചെറുത്തുനില്‍പ്പ്‌ ഉയരുന്നതും. അത്തരത്തില്‍ ഒരു സ്വാഭാവിക ചെറുത്തുനില്‍പ്പ്‌ മാത്രമാണ് ബീഫ് ഫെസ്റ്റിവല്‍. 

ബീഫ്ഫെസ്റ്റിവല്‍ നടത്തുന്നത് ബീഫ് കഴിക്കാത്ത ഒരാളുടെ വായില്‍ ബീഫ് തിരുകിക്കയറ്റാന്‍ അല്ല, മറിച്ച് ഞങ്ങള്‍ ബീഫ് കഴിക്കാറുണ്ട് ഇനി കഴിക്കുകയും എന്ന് പ്രഖ്യാപിക്കാന്‍ ആണ്. അതായത് ഞങ്ങളുടെ വെക്തിസ്വതന്ത്രത്തില്‍ കേറി ഇടപെടലുകള്‍ നടത്തേണ്ട എന്ന് വെക്തമാക്കുക മാത്രം ആണ് ബീഫ്ഫെസ്റ്റിവലിന്‍റെ ഉദ്ദേശം. അപ്പോള്‍ സ്വാഭാവികം ആയി ഒരു ചോദ്യം ഉയരും അതിന് എങ്ങനെ ഫെസ്റ്റിവല്‍ നടത്തേണ്ടത് ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഒരു വെക്തിയുടെ പ്രതിക്ഷേധം അല്ല മറിച്ച് ഒരു സമൂഹത്തിന്‍റെ പ്രതിക്ഷേധം ആണ് ഈ വിധം രേഖപെടുതുന്നത്. ക്ഷേത്രപ്രവേശനസമരം നടന്നത് അവര്‍ണ്ണനു പുതിയ ക്ഷേത്രം പണിഞ്ഞ് അല്ല, വഴി നടക്കാനുള്ള അവകാശം നേടിയെടുത്തത് പുതിയ വഴി വെട്ടി തെളിച്ചിട്ടുമല്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഈ സമരചരിത്രങ്ങള്‍ പറയാന്‍ ഉള്ള കേരളക്കരയില്‍ ഇരുന്ന് ബീഫ് നിരോധനത്തിനെതിരെ ഈ വിധം ഫെസ്റ്റിവല്‍ നടത്തി പ്രകോപനം സൃഷ്ട്ടിക്കണോ എന്ന് ചോദിക്കുന്നത് തന്നെ അപഹാസ്യം ആണ്. 

"പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്താന്‍ നിങ്ങള്‍ക്ക് ധൈര്യം ഉണ്ടോ?". അല്ല മാഷേ ഈ ചോദ്യത്തിന് എന്താണ് പ്രസക്തി ഉള്ളത്. പോര്‍ക്ക്‌ ആരേലും നിരോധിച്ചിട്ടുണ്ടോ? അപ്പൊ ഇപ്പൊ പോര്‍ക്ക്‌ ഫെസ്റ്റിവല്‍ എന്തിനാണ് നടത്തുന്നത്. ഇനി നിങ്ങളുടെ ചോദ്യം ഭാവിയില്‍ ആരേലും നിരോധിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും എന്നാണോ? തീര്‍ച്ചയായും പോര്‍ക്ക്‌ കഴിക്കുന്നവര്‍ക്ക് വേണ്ടി പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്തപ്പെട്ടിരിക്കും. പിന്നെ പല മുസ്ലിം രാഷ്ടങ്ങളുടെ നിരോധനങ്ങള്‍ പൊക്കിപ്പിടിച്ച് വരുന്നവരോട് ഇത് മുസ്ലിം രാഷ്ട്രമോ ഹിന്ദുരാഷ്ട്രമോ അല്ല ഇത് ഒരു മതേതരരാജ്യം ആണ്. അടുത്ത ചോദ്യം മറ്റ് രാഷ്ട്രീയ സംഘടകള്‍ക്ക് ഒന്നും കുഴപ്പമില്ല നിങ്ങള്‍ക്ക് മാത്രം എന്തിന്‍റെ കടി ആണ്? അതിന് ഒറ്റ ഉത്തരമേ ഉള്ളു ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ക്കാര്‍ ആയിപ്പോയി എന്നുള്ളത് ആണ്. നെറികേടുകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഉള്ള എല്ലുറപ്പും, തന്റേടവും ഉള്ളത് കൊണ്ടാണ്. മറ്റുള്ളവര്‍ ഫേസ്ബുക്കില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ ചങ്കൂറ്റതോടെ അത് ജനമധ്യത്തില്‍ രേഖപ്പെടുത്തുന്നു.. ഇനി ഉണരേണ്ടവര്‍ നിങ്ങള്‍ ആണ്. ലോകത്തില്‍ എന്ത് നടന്നാലും കുഴപ്പമില്ല എന്ന മട്ടില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അഭിരമിച്ച് ഇരിക്കുന്നവരെ ഫാസിസം നിങ്ങളെയും തേടി വന്നുകൊണ്ടിരിക്കുകയാണ് നിങ്ങളുടെ മൂകിന്‍തുമ്പില്‍ എത്തുംവരെ നിങ്ങള്‍ പ്രതികരിച്ചില്ല എങ്കില്‍ നാളെ നിങ്ങള്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ഇന്ന് ബീഫ്, നാളെ നിങ്ങള്‍ ഉപയോഗിക്കുന്ന എന്തും ഒടുക്കം നിങ്ങള്‍ തന്നെ ഏതുവിധം പ്രവര്‍ത്തിക്കണം എന്ന് പറയാന്‍ ഈ ഭരണകൂടത്തെ നമ്മള്‍ അനുവദിച്ചുകൂടാ.

Saturday, 17 January 2015

ഐ വിസ്മയകരമായ കാഴ്ച, അതുക്കും മേലെ ഒന്നുമില്ല.

                            മൂന്ന് വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഷൂട്ടിംഗ്, 185 കോടി, വിക്രമിന്‍റെ ആത്മസമര്‍പ്പണം അതുക്കും മേലെ ഷങ്കര്‍ എന്ന സംവിധായകന്‍, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ആണ് ഐ തിയേറ്ററുകളില്‍ എത്തിയത്, ഷങ്കര്‍ എന്ന സംവിധായന്‍ന്‍റെ ബ്രഹ്മാണ്ട സിനിമ എന്നത് തന്നെ ആണ് ഈ സിനിമ എന്ത് കൊണ്ട് കാണണം എന്നതിന് എനിക്ക് ഉണ്ടായിരുന്ന ഉത്തരം. വിസ്മയിപ്പിക്കുന്ന സ്ക്രീന്‍ അത് തന്നെ ആണ് ഐയുടെ മേന്മ. നിറപ്പകിട്ട് ഉള്ള ഫ്രെയിം, വിസ്മയകരവും, ആഡംബരപൂര്‍ണ്ണവും ആയ ലൊക്കേഷന്‍, സ്പെഷ്യല്‍ ഇഫക്ട്സ്സ് , മികച്ച ഗാനരംഗങ്ങളും ഫൈറ്റ് സീനുകളും മൊത്തത്തിൽ  ഐ എന്നാല്‍ ഒരു വിസ്മയം തന്നെ ആണ്.പക്ഷെ ഒരു സാധാരണ പ്രണയ-പ്രതികാര തമിഴ് സിനിമ അതുക്കും മേലെ പറയാന്‍ ഐയുടെ തിരകഥ ഉണ്ടോ എന്നത് സംശയം ആണ്. 

                           ഷങ്കര്‍ വിക്രം കൂട്ടുകെട്ടില്‍ പിറന്ന അന്യന്‍ സിനിമയോട് ഈ സിനിമയിലെ നായകനും സാമ്യം പലത് ആണ്. അംബി, റെമോ, അന്യന്‍ എന്നീ മൂന്ന് വേഷങ്ങള്‍ വിക്രം പകര്‍ന്നാടുമ്പോള്‍, ഐയില്‍ ലിങ്കേശന്‍, ലീ, കൂനന്‍ എന്നി കഥാപാത്രം ആയിമാറുന്നു വിക്രം. അംബിക്ക് നായികയുടെ പ്രണയം നേടാന്‍ റെമോ ആവേണ്ടി വന്നു എങ്കില്‍ ലിങ്കേശന് ലീ ആവേണ്ടി വന്നു. അന്ന്യന്‍ സാമൂഹികതിന്മള്‍ക്ക് നേരെ ആണ് പ്രതികരിച്ചത് എങ്കില്‍ കൂനന്‍ പ്രതികരിക്കുന്നത് തന്നോട് തിന്മകള്‍ ചെയ്തവര്‍ക്ക് നേര ആണ് എന്ന് മാത്രം. പ്രതികാരത്തിന്റെ രീതി അന്യനിലെപോലെ മൃഗീയം ആവുന്നു എങ്കിലും കഥ അതിനെ സാധൂകരിക്കുന്നു. ഈ സാമ്യം കഥാപാത്ര സൃഷ്ടിയില്‍ മാത്രം ഒതുങ്ങി നിന്നത് ആശ്വാസകരമാണ്.

                            നിങ്ങള്‍ ഊഹിക്കുന്നത്തിനും അപ്പുറം ഉള്ള കഥ, ഇതായിരുന്നു ഐയെ കുറിച്ച് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം, എന്നാല്‍ കഥയില്‍ ഒരു പുതുമ അവകാശപെടാന്‍ ഐക്ക് സാധിക്കില്ല. ഇന്ട്രവല്‍ കഴിയുമ്പോഴേക്കും വിക്രത്തിന് ഒഴികെ എല്ലാവര്‍ക്കും സസ്പെന്‍സ് പിടികിട്ടി എന്നത് ആണ് വസ്തുത. വിക്രം എന്ന നടന്‍റെ ആത്മസമര്‍പ്പണം തന്നെ ആണ് സിനിമ. ഇന്ത്യന്‍ സിനിമയില്‍ തനിക്കും ഒരു സ്ഥാനം ഉണ്ട് എന്ന് ഉറപ്പിച്ച് പറയുന്ന പ്രകടനം. മൂന്ന് കഥാപാത്രങ്ങളും വിസ്മയിപ്പിച്ചു എങ്കിലും കൂനന്‍ തന്നെ ആണ് മുന്നിട്ട് നില്‍ക്കുന്നത്. കൂനന്‍റെ മൈക്ക് അപ്പ്‌ ഭാവം മുഖത്ത് വരുന്നതില്‍ അല്പം കഷ്ടപെടുത്തി. എന്തിരുന്നാലും വിക്രം എന്ന നടന് മുന്നില്‍ ഒന്ന് നമിക്കാതെ തിയേറ്റര്‍ വിട്ട് പുറത്ത് ഇറങ്ങാന്‍ കഴിയില്ല എന്നത് തീര്‍ച്ച ആണ്.  

                           സാമൂഹികപ്രതിബദ്ധതയിൽ മുങ്ങി കുളിച്ചു നില്ക്കുന്ന സ്ഥിരം ഷങ്കർ സിനിമ പോലെ അല്ല ഐ. ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് യോജിക്കാൻ കഴിയുമോ ? ബാഹ്യസൗന്ദര്യത്തിലല്ല  യഥാര്‍ത്ഥ സൗന്ദര്യം എന്ന് സിനിമ പറയുമ്പോള്‍ തന്നെ പൊള്ളല്‍ ഏറ്റുംമറ്റും  വിരൂപമായവരുടെയും ജീവിതം മരണം അല്ല അതുക്കും മേലെ ആണ് എന്നാണ് സിനിമ പറയുന്നത്. ആയതിനാല്‍ സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തോട് യോജിക്കാന്‍ കഴിയില്ല. മാത്രമല്ല മൂന്നാം ലിങ്കം എന്നത് യാഥാര്ത്യത്തെ സഹിഷ്ണുതയോടും, പുരോഗമന കാഴ്ചപ്പടോടും കാണുന്ന ഈ യുഗത്തിൽ മൂന്നാം ലിങ്കം എന്നത് ലൈഗീകതൃഷ്ണയിൽ ജീവിക്കുന്ന വർഗം ആണ് എന്ന് ഈ സിനിമ പറയുന്നു. അവരെ പരിഹാസ്യരാക്കുന്ന സ്ഥിരം സിനിമ ഫോർമുല തന്നെ ആണ് ഈ സിനിമയും ഉപയോഗിച്ചത്.

                         എന്തൊക്കെ നൂനതകൾ ഉണ്ട് എങ്കിലും ഐ തിയേറ്ററിൽ പോയി ഇരുന്നു കാണേണ്ട പടം തന്നെ ആണ്. ബിഗ്‌ ബട്ജെറ്റ് എന്ന് കേൾക്കുമ്പോൾ പെരുച്ചാഴി, കാസിനോവ എന്നിവ ഓർമ്മ വരുന്ന നമുക്ക് മുടക്കിയ മുതൽ എങ്ങനെ സ്ക്രീനിൽ കാണിക്കാം എന്ന് ഷങ്കർ പഠിപ്പിച്ചു തരും. അമിത പ്രതീക്ഷ ഇല്ലാതെ പോവുക ഒരിക്കലും പടം നിരാശപ്പെടുത്തില്ല...

Wednesday, 2 October 2013

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം അഭിസംബോധന ചെയ്തത് ആര്?

ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ ഒരു ഗ്രൂപ്പില്‍ കാണാന്‍ ഇടയായ പോസ്റ്റ്‌ ആണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്."ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം അഭിസംബോധന  ചെയ്തത് ആര്?" എന്ന ചോദ്യത്തില്‍ തുടങ്ങിയ ചര്‍ച്ച ചെന്നവസാനിച്ചത്‌ നൂറ്റാണ്ടിന്‍റെ പാരമ്പര്യം ഉള്ള ഈ നാട്ടില്‍ ഒരാളെ മാത്രം അങ്ങനെ അഭിസംബോധന ചെയ്യുന്നത്തിന്‍റെ യുക്തിയെന്താണെന്ന ചോദ്യത്തില്‍ ആണ്.രണ്ടാമത്തെ ചോദ്യത്തിനു പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല പക്ഷെ ഒന്നാമത്തെ ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തി ഉണ്ട്.നാം എല്ലാം ചെറു ക്ലാസ്സില്‍ നിന്ന് തന്നെ പഠിക്കുന്നു ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന്‍.പക്ഷെ ആ പേര് അദ്ദേഹത്തിനു ആര് നല്‍കി എന്ന സംശയം നമ്മള്‍ ഉള്ളില്‍ ഒളിപ്പിച്ചു. 

പക്ഷെ ഉത്തര്‍പ്രദേശ്കാരിയായ ഐശ്വര്യ എന്ന പത്തു വയസുകാരി ഈ സംശയത്തിന്‍റെ പിന്നാലെ അലഞ്ഞു. അധ്യാപകാര്‍ക്കും ഇന്റെര്‍നെറ്റിനും തന്നെ സഹായിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയ ആ പെണ്‍കുട്ടി ഒടുവില്‍ വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു.ഒടുവില്‍ പല ഓഫീസുമായി ചര്‍ച്ച ചെയ്തു മറുപടിയും കിട്ടി. ഇന്ത്യ ഒഫീഷ്യല്‍ ആയി ഗാന്ധിജിയെ അങ്ങനെ അഭിസംബോധന ചെയ്തിട്ടില്ല. ഭരണഘടനയുടെ വകുപ്പ് 18 സ്റ്റേറ്റ്നെ ബഹുമതി ദാനം ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നുണ്ട്.അദ്ദേഹത്തെ ആദ്യമായി അങ്ങനെ അഭിസംബോധന ചെയ്തത് ആര് എന്നത്തിനു  വ്യെക്തമായ രേഖകള്‍ ഇല്ല.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ NAI യില്‍ വന്നു ഡോക്യുമെന്റ്സ് നോക്കാം എന്നും പറഞ്ഞു.

അദ്ധേഹത്തെ അങ്ങനെ വിളിച്ചത് ഒരു റേഡിയോ അഭിമുഖത്തില്‍  സുഭാഷ്‌ചന്ദ്രബോസ്  ആണ് എന്നും അതല്ല അദ്ധേഹത്തിന്‍റെ മരണശേഷം നെഹ്‌റു നടത്തിയ പ്രസംഗത്തില്‍ ആണ് എന്നും പറയുന്നവര്‍ ഉണ്ട്. ആദ്യം വിളിച്ചത് ആരായിക്കോട്ടേ ഒരു ജനത അത് ഏറ്റു പാടി..ഒരു ഗാന്ധി ആണ് നമുക്ക് സ്വാതന്ത്ര്യം മേടിച്ചു തന്നത് എന്ന് ഞാന്‍ പറയുന്നില്ല അഹിംസ മാര്‍ഗതിനുമപ്പുറം കുറെ പേരുടെ ചോരയുടെ മണവും ഉണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിനു. പക്ഷെ അതൊന്നു വെച്ച് ഗാന്ധി ഒന്നും അല്ല എന്ന് പറയാന്‍ കഴിയില്ല.ഇന്ന് ഈ ഇന്ത്യയില്‍ നിന്ന് ഇത് എന്ത് സ്വാതന്ത്ര്യം എന്ന് ചോദിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക ഈ ചോദ്യം ഒരു പൊതു സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിങ്ങള്‍ക്ക് ചോദിക്കാന്‍ കഴിയുന്നുണ്ടോ അതിനു വേണ്ടിയാണു ഗാന്ധിയും, ഭഗത് സിങ്ങും,സുഭാഷ്‌ചന്ദ്രബോസും മറ്റും രക്തസാക്ഷികള്‍ ആയത്.ഗന്ധിവധതിനു ശേഷം നിരോധിക്കപ്പെട്ട സംഘടന ഇന്നും ഇവിടെ ഉണ്ട്, ഗോട്സെയെ ആരാധിക്കുന്നവര്‍ ഇന്നും ഈ നാട്ടില്‍ ഉണ്ട്.അവരോട് ഒക്കെ ഒന്നേ പറയുന്നുള്ളൂ നിങ്ങള്‍ ഗാന്ധിയെ രാഷ്ട്രപിതാവ്‌ എന്ന് വിളിക്കേണ്ട അങ്ങനെ വിളിക്കണം എന്ന് ആരും പറയുന്നും ഇല്ല.പക്ഷെ രാഷ്ട്രീയ ചിന്തകല്‍ക്കള്‍ക്കപുറം ഗാന്ധിജിയെ സ്നേഹിക്കുന്നവര്‍ക്ക് എന്നും അദ്ധേഹാം രാഷ്ട്രപിതാവ്‌ തന്നെ ആണ്...

Saturday, 28 September 2013

ചെമ്മീന്‍ ഒരു സ്ത്രീ വിരുദ്ധ നോവലോ ?



          “സാമൂഹിക ബന്ധങ്ങളുടെ ആകെ തുകയാണ് മനുഷ്യന്”.കാറല്‍ മാര്‍ക്സിന്‍റെ വാക്കുകള്‍ കടം കൊള്ളുകയാണങ്ങില്‍ നമുക്ക് മനുഷ്യനെ ഇപ്രകാരം നിര്‍വചിക്കാം.മനുഷ്യന്‍റെ സാമൂഹിക ബന്ധങ്ങളെ പൂര്‍ണ്ണമായും ചൂഷണം ചെയ്ത ഒരു എഴുത്തുകാരന്‍ ആണ് കുട്ടനാടിന്‍റെ സ്വന്തം എഴുത്തുക്കാരന്‍ തകഴി.ചാതുര്‍വര്‍ണ്യത്തിന്‍റെ കോട്ടകള്‍ താണ്ടാന്‍ കഴിയാതെ സവര്‍ണ്ണനായികാനായകസങ്കല്‍പങ്ങളിലും,പുരാണകഥാഖ്യാനങ്ങളിലും,നായാട്ടു കഥകളിലും മാത്രം ഒതുങ്ങി കൂടി നിന്ന നമ്മുടെ സാഹിത്യത്തെ പുരോഗമന  പാതയിലേക്ക് നയിച്ചതില്‍ പ്രധാനി ആണ് തകഴി.അങ്ങനെ അതുവരെ സമൂഹത്തിലും സാഹിത്യത്തിലും അയിത്തം കല്പ്പിക്കപെട്ട കൂലിക്കാരനും,തൊഴിലാളിയും,തോട്ടിയും,അരയനും,വേശ്യയും,ഒക്കെ അങ്ങനെനമ്മുടെ കഥാപാത്രങ്ങള്‍ ആയി.പുരോഗമന സാഹിത്യത്തിന്‍റെ ഈ കാലഘട്ടം എനതു സമകാലിക രാഷ്ട്രീയ,സാമൂഹികയാഥാര്‍ത്ഥ്യങ്ങലോടുള്ള ജ്വലിക്കുന്ന പ്രതികരണങ്ങള്‍ ആണ്.അങ്ങനെ സാഹിത്യം സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടി ആയി മാറി. ആട്ടക്കഥകള്‍ കണ്ടു മുറുക്കത്തുപ്പിയും,സ്ത്രീകളുടെ അംഗലാവണ്യങ്ങളില്‍ അഭിരമിച്ചും ഇരുന്ന ഒരു തലമുറയെ പോലും ചിന്തയുടെ ഒരു തുരുത്തിലേക്ക് ഉയര്‍ത്താന്‍ അത് വഴി സാഹിത്യത്തിനു കഴിഞ്ഞു.

         തകഴിയുടെ ചെമ്മീന്‍ എന്ന നോവല്‍ പൂര്‍ണമായും മുകളില്‍ സൂചിപ്പിച്ച ഗണത്തില്‍പ്പെടുന്നു.പൂര്‍ണമായും ഒരു മിത്തിനെ ആസ്പദമാക്കി എഴുതിയ ചെമ്മീന്‍ എങ്ങനെ പുരോഗമന ഗണത്തില്‍പ്പെടുന്നു എന്ന മറുചോദ്യം സര്‍വ്വസാധാരണമായി ഉയര്‍ന്നു കേള്‍ക്കാറുണ്ട്.മാത്രമല്ല ”അരയത്തിയുടെ ശുദ്ധം ആണ് അരയന്റെ സ്വത്ത്‌” എന്ന് സ്ഥാപിക്കുക വഴി മലയാളിയുടെ മനസ്സില്‍ ചെമ്മീന്‍ പുരുഷമേധാവിത്വം കുത്തിവെക്കുന്നുവോ എന്നും പലരും ചോദിക്കാറുണ്ട്. തകഴി ഒരു മിത്തിനെ അവിടെ ഉയര്‍ത്തി കാണിക്കുക അല്ല ചെയ്തത് മറിച്ച് അതിനെ മാത്രം ആശ്രയിച്ചും അതിനെ മാത്രം പുല്‍കിയും ജീവിച്ചു പോന മുക്കുവസമൂഹത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാണിക്കുകയായിരുന്നു.”അരയത്തിയുടെ ശുദ്ധം ആണ് അരയന്റെ സ്വത്ത്‌” എന്നത് തകഴി ചെമ്മീനില്‍ സ്ഥാപിക്കുകയാണോ ചെയ്തത് അതോ ആ വിശ്വാസത്തില്‍ ഊനി നിന്നിരുന്ന സമൂഹത്തിന്‍റെ കഥ പറയുക വഴി ആ വിശ്വാസത്തെ ഒരു നിരൂപണത്തിന് വിധേയമാക്കുകയാണോ ചെയ്തത്? ചെമ്മീന്‍ എന്ന നോവലിനെ വെറും ഒരു പ്രണയകഥയോ,സ്ത്രീവിരുദ്ധ നോവലായോ പറയുന്നതില്‍ തീര്‍ച്ചയായും എനിക്ക് വിയോചിപ്പുണ്ട്. ചെമ്മീനില്‍ ഒരു പുരോഗമന ബോധവും വിപ്ല്വചിന്തയും ഉണ്ട്.അതൊന്നും കാണാതെ ചെമ്മീന്‍ ഒരു മിത്തിനെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് പറയുന്നതിലെ യുക്തി തീച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

         ചെമ്മീന്‍ എന്നത് ഒരു പ്രണയകഥയോ മറിച്ച് ഒരു ദുരന്ത പ്രണയകഥയോ ആയി അല്ല എനിക്ക് തോനിയത് മറിച്ച് മനുഷ്യന്‍റെ മുതലാളിത്വബോധത്തിനു തകഴി നല്‍കിയ ഒരു പ്രഹരം ആയിട്ടാണ് എനിക്ക് അനുഭവപെട്ടത്.ചെമ്പന്‍കുഞ്ഞ് എന്ന വെക്തി പണത്തിനു പുറകെ പോയപ്പോള്‍ ഉണ്ടായ ദുരന്തം അല്ലെ ചെമ്മീന്‍ വരച്ചുകാട്ടുന്നത്? ചെമ്പന്‍കുഞ്ഞ് അവസാനം പണം കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഭ്രാന്തന്‍ ആയി മാറുന്നത് വഴി പണം മാത്രം കൊണ്ട് നമുക്ക് മാനസീകസുഖം ലഭിക്കുകയില്ല എന്ന ചിന്ത ആണ് ചെമ്മീന്‍ നമുക്ക് പകരുന്നത്.മറ്റൊന്ന് കൂടെ ചെമ്മീന്‍ പറയുന്നു ഒരു വെക്തിയുടെ ദുരാഗ്രഹം നശിപ്പിക്കുന്നത് ആ വെക്തിയെ മാത്രം അല്ല മറിച്ച് ആ വെക്തിയുടെ ചുറ്റും ഉള്ള ആളുകളെ കൂടെ ആണ് എന്ന്.നോവല്‍ ഒരു തെറ്റും ചെയ്യാത്ത മൂന്ന് പേരുടെ മരണത്തില്‍ അവസാനിപ്പിച്ചത് ഈ ഒരു ചിന്ത നമുക്ക് പകരാന്‍ ആണ് അല്ലാത്ത നായികയുടെ ചാരിത്ര്യത്തിനു വന്ന ഭംഗം കൊണ്ട് ഉണ്ടായതല്ല ആ ദുരന്തം. മുതലാളിത്തത്തിന്‍റെ ബാക്കിപത്രം എന്നത് ചേരികളും,ദുഷിച്ച വായുവും,പുഴയും,നരകിക്കുന്ന മനുഷ്യരും ആണ് എന്നല്ലോ സമകാലിക ചരിത്രവും പറയുന്നത്.

           

          ഓരോ വിശ്വസപ്രമാണങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് ഓരോ സമൂഹവും നിലനിന്നു പോകുന്നത്.എന്ന് സ്വന്തം അസ്ഥിത്വതെ കുറിച്ച് ഒരു സമൂഹത്തിനു ബോധ്യമാകുന്നുവോ അതുവരെ ഈ ഓരോ വിശ്വാസങ്ങള്‍ ഓരോ സമൂഹത്തില്‍ നിലനില്‍ക്കും.ഒരു രാത്രികൊണ്ട് ഒരു സാഹിത്യകാരനും ഇതിനെ മറികടക്കാന്‍ സാധിക്കില്ല. സാഹിത്യകാരന് തന്‍റെ ഒരു സമൂഹത്തെ പ്രജോധിപ്പിക്കാനെ സാധിക്കു. ആ ഒരു ബോധം തകഴിയില്‍ ഉണ്ടായിരുന്നതില്‍ ആയിരിക്കാം അദ്ദേഹം ഈ ചിന്തക്ക് ഒരു ബതല്‍ മുന്നോട്ട് വക്കാഞ്ഞത്.അല്ലാതെ ഒരിക്കലും തകഴി ആ വിശ്വാസത്തിനെ മുറുകെ പിടിക്കുക ആയിരുന്നില്ല.

Sunday, 21 August 2011

എന്തുകൊണ്ട് ഹസാരെയുടെ സമരത്തിന്‌ വന്‍ പിന്തുണ ലഭിക്കുന്നു ?

ഇന്ന് ഭാരതത്തില്‍ ആകെ ഹസാരെ മാനിയ ആണ്. യുവതം മുഴുവന്‍ ഹസരെയേ പിന്തുണയ്ക്കുന്നു. മൌലീക അവകാശങ്ങള്‍ എല്ലാം പ്രേയോജനപെടുത്തി ഹസാരെ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി പതിനായിരങ്ങള്‍ അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടുന്നു.ഹസാരെയുടെ മാര്‍ഗങ്ങളില്‍ ചിലതിനോട് എല്ലാവര്‍ക്കും യോജിക്കാന്‍ കഴിഞ്ഞെന്നുവരില്ല, എന്നാല്‍ അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ രാജ്യസ്നേഹികളായ എല്ലാവരുടെയും മനസ്സിലുള്ളതാണ്.അഴിമതി വിരുദ്ധ ഭാരതം ആരാണ് സ്വപ്നം കാണാത്തത്.ഇതുകൊണ്ട് തന്നെ ആണ് രാഷ്ട്രീയം മറന്നു യുവത്വം ഈ സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്.

പക്ഷെ നമ്മള്‍ എത്രപേര്‍ക്ക് ഇറോം ഷര്‍മിളയെ അറിയാം, എത്രപേര്‍ക്ക് മയിലമ്മയെ അറിയാം? അന്ന ഹസ്സരെയേ പോലെ ഇവരും ഇന്ത്യ ഒട്ടാകെ അറിഞ്ഞ സമരം നടത്തിയവര്‍ ആണ്. ഇവര്‍ മാത്രമോ സുന്ദര്‍ലാല്‍ ഭാഹുഗുന,സ്വാമി നിഗമനന്ദ, തുണ്ടാങ്ങിയ എത്ര പേര്‍. പക്ഷെ അവര്‍ക്കൊന്നും ഇത്ര പിന്തുണ ലെഭിക്കാഞ്ഞത് എന്ത് കൊണ്ട്? കാരണം ലെളിതമാണ്‌ ഇവരുടെ ഒക്കെ സമരത്തിന്‌ ഒരു പ്രാദേശീക വികാരം ഉണ്ടായ്രുന്നു. ദേശീയ ശ്രെധ മആക്ര്ഷിചെങ്ങിലും ഇവര്‍ ഒക്കെ ഏറ്റെടുത്ത വിഷയം അവരുടെ സമൂഹത്തില്‍ മാത്രം ഒതുങ്ങുന്നതയ്രുന്നു അല്ലെങ്ങില്‍ ജനം അങ്ങനെ കരുതി മയിലമ്മ പോരാടിയത് പ്ലാച്ചിമടയില്‍ കുടിവെള്ളത്തിനു വേണ്ടിയാണു, ഇറോം ഷര്‍മിള പൊരുത്തുന്നത് തന്റെ നാട്ടില്‍ ആര്‍മിയുടെ ദുര്‍ഭരണത്തിനെതിരെ ആണ്. പത്തു കൊല്ലമായി ഇറോം ഷര്‍മിള പത്തു കൊല്ലമായി ആഹാരം കഴിക്കാതെ പൊരുതുന്ന ഇറോം ഷര്‍മിളയെ  എന്ത് കൊണ്ട് മാധ്യമങ്ങളും നമ്മളും കണ്ടില്ല എന്ന് നടിക്കുന്നു. അന്ന ഹസ്സരെയിലും കൂടുതല്‍ കാലമായി ഉപവസിക്കുന്നത് ഇറോം ഷര്‍മിള അല്ലെ? അതുപോലെ തന്നെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിയ സുന്ദര്‍ലാല്‍ ഭാഹുഗുന,സ്വാമി നിഗമനന്ദ എന്നിവര്‍ യുവാക്കള്‍ കിടയില്‍ എന്ത് കൊണ്ട് ഹിറ്റ്‌ ആയില്ല?

ഇവര്‍ ഒക്കെ പോരാടിയത് അവരുടെ പ്രദേശത്തെ പ്രശ്നങ്ങള്‍ ഉയര്‍ത്തി കട്ടി ആണ് അതൊന്നും സമീപ ഭാവിയില്‍ തങ്ങളെ ബാധിക്കില്ല എന്ന് ജനം കരുതി. എന്നാല്‍ ഹസാരെ ഉയര്‍ത്തുന്ന പ്രശ്നം ദേശീയ വിഷയം ആണ്. അഴിമതിക്ക് എതിരെ ഉള്ള പൊതു വികാരം ആണ് ഹസാരെയുടെ സമരത്തിനെ വിജയ്പ്പിക്കുന്നത്. ഹസാരെ എന്ന വെക്തി അല്ല അദ്ദേഹം ഉയര്‍ത്തി പിടിക്കുന്ന ലക്‌ഷ്യം ആണ് ഹിറ്റ്‌ ആവുന്നത്. UPA സര്‍കാരില്‍ മനം മടുത്ത ഒരു ജനതെയുടെ പൊതുവികാരം. അഴിമതി എന്നത് ഇന്ന് ഭാരതത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുമ്പോള്‍ എന്ത് കൊണ്ട് UPA ഇതിനു എതിരെ പ്രതികരിക്കുന്നില്ല? PMനെ അഴിമതി നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നാല്‍ എന്താണ് തെറ്റ്? കേരളത്തില്‍ ലോകായുക്ത വന്നപ്പ്പോള്‍ CMനെ ഒഴിവാക്കിയോ? ഒരു വെക്തി നിയമത്തിനും അപ്പുറം നിലനില്‍ക്കുന്നത് ജനാധിപത്യ രാജ്യത്തു അല്ല സ്വേച്ഛാധിപത്യ രാജ്യത്തു ആണ്! ഇവിടെ എന്ത് തെറ്റാണു നിയമത്തിനു മുന്നില്‍ ഹസാരെ ചെയ്യുന്നത് എന്ന് വെക്തമാക്കാന്‍ PMനു പോലും കഴിയുന്നില്ല. പിന്നെ എന്തിനാണ് ഹസ്സരെയേ ജയിലില്‍ അടക്കാന്‍ നോക്കുന്നത്. മൌലീകാവകാശം എന്നത് UPA സര്കാരിനു എതിരെ സംസാരിച്ചാല്‍ ഇല്ലാതെ ആവുന്നത് ഒന്നാണോ?

ഇതിനു മുന്പ് രാംദേവ് സമരം നടത്തിയപ്പോള്‍ നിങ്ങള്‍ പറഞ്ഞു രാംദേവ്നു കോടികളുടെ കള്ളപണം ഉണ്ട് എന്ന്. അതില്‍ എനിക്കോ 75% ഭാരതീയര്‍ക്കോ സംശയം ഇല്ല? പക്ഷെ ഒരു സംശയം ഉണ്ട്  സമരം കഴിഞ്ഞപ്പോള്‍ രാംദേവ് വിശുധനായോ? എന്ത് കൊണ്ട് PM പോലും കോടികളുടെ കള്ള പണം ഉണ്ട് എന്ന് പറഞ്ഞ വെക്തി നിന്നും ഭാരതത്തില്‍ സസുഖം വാഴുന്നു? സമരത്തിനു മുന്‍പും പിന്‍പും രാംദേവ് വിശുദ്ധന്‍ UPAക്ക് എതിരെ സമരം ചെയ്താല്‍ മാത്രം ആണോ ഒരാള്‍ കള്ളന്‍ ആവുന്നത്. ചോദ്യം PM ഒഴികെ ഉള്ള കോണ്‍ഗ്രെസ്സ്കാരോട് ആണ്. PM ആ സ്ഥാനം ലഭിക്കുന്നതിനു വേണ്ടി തന്റെ നാവ് സോണിയജിക്ക് മുന്നില്‍ പണയംവച്ചത് കൊണ്ട് PM ചോദിച്ചാലും മിണ്ടില്ല!!

ഹസ്സരെയുടെ മാര്‍ഗത്തെ അല്ല അദ്ധേഹത്തിന്റെ ലക്ഷ്യത്തെ ആണ് ഞാന്‍ അനുകൂലിക്കുന്നത്.പ്രധാനമന്ത്രിക്കടക്കം ബാധകമായ സുശക്തവും പഴുതുകളില്ലാത്തുമായ ലോക്പാല്‍ സംവിധാനം കൊണ്ടുവരിക എന്ന അദ്ധേഹത്തിന്റെ ലക്ഷ്യത്തെ ഏത് ഭാരതീയനാണ് എതിര്‍ക്കാന്‍ കഴിയുക?

ഭരണം നിലനിര്‍ത്താന്‍ നിങ്ങള്‍ ഏത് അറ്റം വരെയും പോകും എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ജനാധിപത്യ മര്യാദ എന്നത് ഒന്ന് ഉണ്ട് എന്ന് നിങ്ങള്‍ മനസിലാക്കുക.സമാധാനപരമായി പ്രധിഷേധിക്കാന്‍ ഏത് ഒരു ഭാരതീയനും അവകാശം ഉണ്ട്. ഇല്ല എന്ന് പറയാന്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ വളര്‍ന്നിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ഇത് ഒരു ജനാധിപത്യ രാജ്യം ആണ്.തെറ്റുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ കൊടും രോഷത്തിന്റെ അഗ്നിയില്‍ എറിഞ്ഞു ഇല്ലാതാവും.

Wednesday, 17 August 2011

രാഷ്ട്രീയകാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു വിദ്യാഭ്യാസ യോഗ്യത വേണോ?

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് NSS ‍കോളേജില്‍ നടത്തിയ ഡിബൈററ് മത്സരത്തിലെ  ഒരു വിഷയം ഇതായിരുന്നു. ചര്‍ച്ചയില്‍ വേണമെന്നും വേണ്ടയെന്നും അഭിപ്രായം ഉയര്‍ന്നു വന്നു.ഞാന്‍ NSS മെമ്പര്‍ ആയതു കൊണ്ട് എനിക്ക് മത്സരിക്കാന്‍ പറ്റിയില്ല ആയതിനാല്‍ എന്റെ അഭിപ്രായം ഞാന്‍ ഇവിടെ കുറിക്കുന്നു.

രാഷ്ട്രീയത്തിനു ഒരു വിദ്യഭ്യാസ യോഗ്യത വെക്കുന്നതിനോദ് ഒരിക്കലും എനിക്ക് യോജിക്കാന്‍ പറ്റില്ല. എന്ന് വെച്ച് വിദ്യഭ്യാസ ഇല്ലാത്തവര്‍ക്ക് ആണ് രാഷ്ട്രീയം എന്നും ഞാന്‍ അര്‍ഥം ആക്കുന്നില്ല. വിദ്യാഭ്യാസം അവനു ഒരു പ്ലസ്‌ പോയിന്റ്‌ ആകും എന്ന് മാത്രം.ഒരു രാഷ്ട്രീയ പ്രേതിനിതി എന്നത് ഒരു സമൂഹത്തിന്റെ വക്താവ് ആണു. അവനു പുസ്തകങ്ങളില്‍ നിന്നുള്ള അറിവിനു അപ്പുറം അവന്റെ സമൂഹത്തെ അറിഞ്ഞിരിക്കണം. പാഠ പുസ്ടകങ്ങളില്‍ നിന്നല്ല എന്നും ഒരു സമൂഹത്തില്‍ നിന്നാണു ഒരു രാഷ്ട്രീയക്കാരന്‍ ജനിക്കുന്നത്. പൊതുസമൂഹം നല്‍കുന്ന പിന്തുണ തന്നെ ആണു ഒരു ജനാധിപത്യ രാജ്യത്തു ഒരു രാഷ്ട്രീയകാരനു ഉള്ള യോഗ്യത.

ലാലു പ്രസാദ്‌ യാദവ് എത്ര വരെ പഠിച്ചു എന്ന് നമുക്ക് അറിയാവുന്നത് ആണു പക്ഷെ ഇന്ത്യ കണ്ട ഏറ്റവും നല്ല റെയില്‍വേ മിനിസ്റെര്‍ അദ്ദേഹം ആണു എന്ന് പറയുന്നതില്‍ തെറ്റില്ല. വിദേശത്തു നിന്ന് പോലും ലാലു പ്രസാദ്‌ യാദവ് എന്നാ മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ വന്നിരുന്നു എന്നത് ഒരല്‍പം ആദരവോടെ അല്ലെ നമ്മള്‍ കേട്ടിരുന്നത്? എന്തിനു ഏറെ പറയുന്നു നാലാം ക്ലാസ്സ്‌ മാത്രം യോഗ്യത ആയി ഉള്ള സഖാവ് VS ന്റെ  സര്കാറിനു ലഭിച്ച പിന്തുണ ഇതുവരെ കേരളത്തില്‍ ഭരിച്ച ഒരു സര്‍ക്കാരിനും ലഭിച്ചിട്ടില്ല എന്നത് ഒരു വസ്തുത അല്ലെ? ഇനി നിങ്ങള്‍ UPA സര്‍ക്കാരിന്റെ  കാര്യം എടുക്കു. ബഹുമുഖ പ്രതിഭ ,സാംമ്പത്തിക ശാസ്ത്രത്തില്‍ കേമന്‍ എന്നോകെ പറഞ്ഞു കൊണ്ട് വന്നു PM ആകിയ വെക്തി നയിക്കുന്ന UPA സര്‍കാര്‍ എന്താണ് ചെയ്യുന്നത് . അഴിമതിയില്‍ മുങ്ങി കുളിച്ച അവരുടെ പ്രമുഖ നേതാക്കള്‍ ഒക്കെയും വിദ്യാ സമ്പന്നര്‍ അല്ലെ? ഭാരതത്തില്‍ ഒരിടത് നിന്ന് എങ്കിലും മന്‍മോഹന്‍ സിംഗ്നു തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചിട്ടുണ്ടോ?UN അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ രാഷ്ട്രീയത്തില്‍ ശോഭിച്ചോ?

മുകളില്‍ പറഞ്ഞ പോയിന്റ്‌ മത്സരത്തില്‍ ഉന്നയിച്ചപ്പോള്‍ രാഷ്ട്രീയകാര്‍ അല്ല അവരുടെ ഓഫീസ് ആണു ഭരിക്കുനത് എന്ന് അതിനു എതിര്‍ വാദം കേട്ടു. അങ്ങനെ ആണേല്‍ എനിക്ക് ചോദ്യം ചോദിക്കാന്‍ ഉണ്ട് , ഇവിടെ IAS ഉദ്ധ്യോഗസ്ഥര്‍ എന്നും ഇല്ലേ അപ്പോള്‍ എല്ലാ സര്‍ക്കാരിന്റെയും ഭരണം ഒരുപോലെ ഇരിക്കണ്ടേ. 

ഭാരതത്തില്‍ ഭൂരിപക്ഷം സാധാരണകാര്‍ ആണു. കേരളം പോലെ നൂറു % സാഷരത ഉള്ള ഒരു നാട്ടില്‍ വിദ്യാഭ്യാസം ഉള്ളവര്‍ ഒരുപാട് ഉണ്ടാകും പക്ഷെ ഭാരതത്തിന്റെ ഉള്‍നാടന്‍  ഗ്രാമങ്ങളിലോ? അവിടെ ബിരുദധാരികള്‍ ഇല്ലെങ്ങില്‍ നമ്മള്‍ ബിരുദധാരികളെ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യണോ? അങ്ങനെ വരുന്നവര്‍ക്ക് ആ ഗ്രാമത്തിന്റെ പൊതു വികാരം അറിയുമോ? സമൂഹത്തിന്റെ പൊതു വികാരം അറിയ്യുന്നവന്‍ ആയിരിക്കും ഒരു നല്ല നേതാവ് ആയി മാറുക. നല്ലത് തിരഞ്ഞെടുക്കാന്‍  ജനാധിപത്യ രാജ്യത്തു അവസരം ഉണ്ട്. ഒരിക്കലും തനിക് മോശം വരുന്ന ഒന്നിനെ ജനം തിരഞ്ഞെടുക്കും എന്ന് കരുതാന്‍ ആവുമോ? അഥവാ അങ്ങനെ അവന്‍ തിരഞ്ഞെടുത്താല്‍ അതിനെ അഗീകരിച്ചേ പറ്റു കാരണം ഇത് ഒരു ജനാധിപത്യ രാജ്യം അല്ലെ? ജനത്തിന്റെ കയ്യില്‍ ആണു രാജ്യം . അവന്‍ ആഗ്രഹിക്കുന്നത് പോലെയേ ഈ രാജ്യം പോവുക ഉള്ളു .