Saturday 28 September 2013

ചെമ്മീന്‍ ഒരു സ്ത്രീ വിരുദ്ധ നോവലോ ?



          “സാമൂഹിക ബന്ധങ്ങളുടെ ആകെ തുകയാണ് മനുഷ്യന്”.കാറല്‍ മാര്‍ക്സിന്‍റെ വാക്കുകള്‍ കടം കൊള്ളുകയാണങ്ങില്‍ നമുക്ക് മനുഷ്യനെ ഇപ്രകാരം നിര്‍വചിക്കാം.മനുഷ്യന്‍റെ സാമൂഹിക ബന്ധങ്ങളെ പൂര്‍ണ്ണമായും ചൂഷണം ചെയ്ത ഒരു എഴുത്തുകാരന്‍ ആണ് കുട്ടനാടിന്‍റെ സ്വന്തം എഴുത്തുക്കാരന്‍ തകഴി.ചാതുര്‍വര്‍ണ്യത്തിന്‍റെ കോട്ടകള്‍ താണ്ടാന്‍ കഴിയാതെ സവര്‍ണ്ണനായികാനായകസങ്കല്‍പങ്ങളിലും,പുരാണകഥാഖ്യാനങ്ങളിലും,നായാട്ടു കഥകളിലും മാത്രം ഒതുങ്ങി കൂടി നിന്ന നമ്മുടെ സാഹിത്യത്തെ പുരോഗമന  പാതയിലേക്ക് നയിച്ചതില്‍ പ്രധാനി ആണ് തകഴി.അങ്ങനെ അതുവരെ സമൂഹത്തിലും സാഹിത്യത്തിലും അയിത്തം കല്പ്പിക്കപെട്ട കൂലിക്കാരനും,തൊഴിലാളിയും,തോട്ടിയും,അരയനും,വേശ്യയും,ഒക്കെ അങ്ങനെനമ്മുടെ കഥാപാത്രങ്ങള്‍ ആയി.പുരോഗമന സാഹിത്യത്തിന്‍റെ ഈ കാലഘട്ടം എനതു സമകാലിക രാഷ്ട്രീയ,സാമൂഹികയാഥാര്‍ത്ഥ്യങ്ങലോടുള്ള ജ്വലിക്കുന്ന പ്രതികരണങ്ങള്‍ ആണ്.അങ്ങനെ സാഹിത്യം സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടി ആയി മാറി. ആട്ടക്കഥകള്‍ കണ്ടു മുറുക്കത്തുപ്പിയും,സ്ത്രീകളുടെ അംഗലാവണ്യങ്ങളില്‍ അഭിരമിച്ചും ഇരുന്ന ഒരു തലമുറയെ പോലും ചിന്തയുടെ ഒരു തുരുത്തിലേക്ക് ഉയര്‍ത്താന്‍ അത് വഴി സാഹിത്യത്തിനു കഴിഞ്ഞു.

         തകഴിയുടെ ചെമ്മീന്‍ എന്ന നോവല്‍ പൂര്‍ണമായും മുകളില്‍ സൂചിപ്പിച്ച ഗണത്തില്‍പ്പെടുന്നു.പൂര്‍ണമായും ഒരു മിത്തിനെ ആസ്പദമാക്കി എഴുതിയ ചെമ്മീന്‍ എങ്ങനെ പുരോഗമന ഗണത്തില്‍പ്പെടുന്നു എന്ന മറുചോദ്യം സര്‍വ്വസാധാരണമായി ഉയര്‍ന്നു കേള്‍ക്കാറുണ്ട്.മാത്രമല്ല ”അരയത്തിയുടെ ശുദ്ധം ആണ് അരയന്റെ സ്വത്ത്‌” എന്ന് സ്ഥാപിക്കുക വഴി മലയാളിയുടെ മനസ്സില്‍ ചെമ്മീന്‍ പുരുഷമേധാവിത്വം കുത്തിവെക്കുന്നുവോ എന്നും പലരും ചോദിക്കാറുണ്ട്. തകഴി ഒരു മിത്തിനെ അവിടെ ഉയര്‍ത്തി കാണിക്കുക അല്ല ചെയ്തത് മറിച്ച് അതിനെ മാത്രം ആശ്രയിച്ചും അതിനെ മാത്രം പുല്‍കിയും ജീവിച്ചു പോന മുക്കുവസമൂഹത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാണിക്കുകയായിരുന്നു.”അരയത്തിയുടെ ശുദ്ധം ആണ് അരയന്റെ സ്വത്ത്‌” എന്നത് തകഴി ചെമ്മീനില്‍ സ്ഥാപിക്കുകയാണോ ചെയ്തത് അതോ ആ വിശ്വാസത്തില്‍ ഊനി നിന്നിരുന്ന സമൂഹത്തിന്‍റെ കഥ പറയുക വഴി ആ വിശ്വാസത്തെ ഒരു നിരൂപണത്തിന് വിധേയമാക്കുകയാണോ ചെയ്തത്? ചെമ്മീന്‍ എന്ന നോവലിനെ വെറും ഒരു പ്രണയകഥയോ,സ്ത്രീവിരുദ്ധ നോവലായോ പറയുന്നതില്‍ തീര്‍ച്ചയായും എനിക്ക് വിയോചിപ്പുണ്ട്. ചെമ്മീനില്‍ ഒരു പുരോഗമന ബോധവും വിപ്ല്വചിന്തയും ഉണ്ട്.അതൊന്നും കാണാതെ ചെമ്മീന്‍ ഒരു മിത്തിനെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് പറയുന്നതിലെ യുക്തി തീച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

         ചെമ്മീന്‍ എന്നത് ഒരു പ്രണയകഥയോ മറിച്ച് ഒരു ദുരന്ത പ്രണയകഥയോ ആയി അല്ല എനിക്ക് തോനിയത് മറിച്ച് മനുഷ്യന്‍റെ മുതലാളിത്വബോധത്തിനു തകഴി നല്‍കിയ ഒരു പ്രഹരം ആയിട്ടാണ് എനിക്ക് അനുഭവപെട്ടത്.ചെമ്പന്‍കുഞ്ഞ് എന്ന വെക്തി പണത്തിനു പുറകെ പോയപ്പോള്‍ ഉണ്ടായ ദുരന്തം അല്ലെ ചെമ്മീന്‍ വരച്ചുകാട്ടുന്നത്? ചെമ്പന്‍കുഞ്ഞ് അവസാനം പണം കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഭ്രാന്തന്‍ ആയി മാറുന്നത് വഴി പണം മാത്രം കൊണ്ട് നമുക്ക് മാനസീകസുഖം ലഭിക്കുകയില്ല എന്ന ചിന്ത ആണ് ചെമ്മീന്‍ നമുക്ക് പകരുന്നത്.മറ്റൊന്ന് കൂടെ ചെമ്മീന്‍ പറയുന്നു ഒരു വെക്തിയുടെ ദുരാഗ്രഹം നശിപ്പിക്കുന്നത് ആ വെക്തിയെ മാത്രം അല്ല മറിച്ച് ആ വെക്തിയുടെ ചുറ്റും ഉള്ള ആളുകളെ കൂടെ ആണ് എന്ന്.നോവല്‍ ഒരു തെറ്റും ചെയ്യാത്ത മൂന്ന് പേരുടെ മരണത്തില്‍ അവസാനിപ്പിച്ചത് ഈ ഒരു ചിന്ത നമുക്ക് പകരാന്‍ ആണ് അല്ലാത്ത നായികയുടെ ചാരിത്ര്യത്തിനു വന്ന ഭംഗം കൊണ്ട് ഉണ്ടായതല്ല ആ ദുരന്തം. മുതലാളിത്തത്തിന്‍റെ ബാക്കിപത്രം എന്നത് ചേരികളും,ദുഷിച്ച വായുവും,പുഴയും,നരകിക്കുന്ന മനുഷ്യരും ആണ് എന്നല്ലോ സമകാലിക ചരിത്രവും പറയുന്നത്.

           

          ഓരോ വിശ്വസപ്രമാണങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് ഓരോ സമൂഹവും നിലനിന്നു പോകുന്നത്.എന്ന് സ്വന്തം അസ്ഥിത്വതെ കുറിച്ച് ഒരു സമൂഹത്തിനു ബോധ്യമാകുന്നുവോ അതുവരെ ഈ ഓരോ വിശ്വാസങ്ങള്‍ ഓരോ സമൂഹത്തില്‍ നിലനില്‍ക്കും.ഒരു രാത്രികൊണ്ട് ഒരു സാഹിത്യകാരനും ഇതിനെ മറികടക്കാന്‍ സാധിക്കില്ല. സാഹിത്യകാരന് തന്‍റെ ഒരു സമൂഹത്തെ പ്രജോധിപ്പിക്കാനെ സാധിക്കു. ആ ഒരു ബോധം തകഴിയില്‍ ഉണ്ടായിരുന്നതില്‍ ആയിരിക്കാം അദ്ദേഹം ഈ ചിന്തക്ക് ഒരു ബതല്‍ മുന്നോട്ട് വക്കാഞ്ഞത്.അല്ലാതെ ഒരിക്കലും തകഴി ആ വിശ്വാസത്തിനെ മുറുകെ പിടിക്കുക ആയിരുന്നില്ല.