Sunday 18 August 2019

ഉയരങ്ങളിൽ ആണ് ഉയരെ

വളരെ വൈകി ആണ് ഉയരെ എന്ന സിനിമ കണ്ടത്.. തീയേറ്ററിൽ നിന്ന് കാണാതെ ഇപ്പോൾ വന്ന് ഡയലോഗ് അടിക്കുന്നോ എന്ന ചോദ്യം വരും എന്ന് അറിയാം, ക്ഷെമിക്ക്... ഗൗരവകരമായ സിനിമാസ്വാദനം എന്നതിനപ്പുറം നെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യുക, ജോലിയുടെ ഇടവേളകളിൽ ഘട്ടം ഘട്ടം ആയി സിനിമ കണ്ട് തീർക്കുക എന്ന രീതിയില്ലേക്ക് മാറിയതിനാൽ നഷ്ടപ്പെട്ട ഒരു തിയേറ്റർ അനുഭവം ആണ് ഉയരെ. 

പേര് അന്വർദ്ധമാക്കുംവിധം സമീപകാല മലയാള ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ വളരെ വളരെ ഉയരത്തിൽ നിൽക്കുന്നു ഉയരെ എന്ന സിനിമ. സ്ത്രീപക്ഷ സിനിമകൾ, സിനിമയിലെ പെണ്ണിടങ്ങൾ എന്നിവ ചർച്ച ആവുന്ന ഈ കാലത്ത് പെണ്ണിന് അതിരുകളില്ലാതെ സ്വപ്നം കാണാൻ ആകാശത്തോളം പറക്കാൻ  ഊർജ്ജം നൽകുന്ന സിനിമ ആണ് മനു അശോക് സംവിധാനം ചെയ്ത ഉയരെ. സ്ത്രീപക്ഷ സിനിമ എന്നതിനപ്പുറം ഉയരെ ഒരു മനുഷ്യപക്ഷ സിനിമ ആണെന്ന് സംവിധായകൻ പറയുന്നുണ്ട് എങ്കിലും എനിക്ക് ഈ സിനിമയെ സ്ത്രീപക്ഷ സിനിമ എന്ന് തന്നെ അടയാളപ്പെടുത്താൻ ആണ് ഇഷ്ടം.

സ്ത്രീകേന്ദ്രീകൃതമായ കഥ ആണെങ്കിലും ആസിഡ് ആക്രമണത്തിൽ ജീവിതം തളർന്നു പോയ മനുഷ്യരുടെ കഥ ആണ് ഉയരെ എന്നാണ് സംവിധായകൻ പറഞ്ഞത്, പക്ഷെ ഒന്നുണ്ട് നമ്മൾ ഇന്നോളം അറിഞ്ഞ എല്ലാ ആസിഡ് അക്രമണത്തിന്റെയും ഇര എന്നത് സ്ത്രീ ആണ്. സംവിധായകന്റെ ഭാഷ്യം എന്നതും ഒരു വെള്ളം ചേർക്കൽ ആണ്, പാർവതി എന്ന ഫെമിനിസ്റ്റ് നായിക പൊതുസമൂഹത്തിൽ നേരിടുന്ന ആക്രമണം തന്റെ സിനിമക്ക് നേരെ വരാതിരിക്കാൻ ഉള്ള ഒരു ജാമ്യം എടുക്കൽ മാത്രം ആയിരുന്നു അത്. എന്തായാലും നമുക്ക് അത് വിടാം. നല്ല സിനിമ ആണെങ്കിൽ ഏത് നടന്റെ ഏതു ഫാൻസ്‌ വിചാരിച്ചാലും കൂവി തോൽപ്പിക്കാൻ കഴിയില്ല എന്നകാര്യം ഇപ്പോൾ സംവിധായകന് ബോധ്യം ആയി കാണണം..

ഇനി സിനിമയിലേക്ക് വരാം. തീർച്ചയായും ഇന്ന് പറയേണ്ട സിനിമ ആണ് ഉയരെ.  കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുന്ന കാമുകന്മാർ ഉള്ള ഈ കാലഘട്ടത്തിൽ ഉയരെ എന്ന സിനിമ ഒരു ആവശ്യം ആണ്. പല്ലവി ( പാർവതി തിരുവോത്ത്) എന്ന കഥാപാത്രം പ്രേഷകനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് "ആരാണ് ഇര". തീർച്ചയാവും ഇര എന്ന ലേബൽ അല്ല അവൾ സ്വീകരിച്ചത് ആസിഡ് അക്രമത്തിൽ പൊള്ളലേറ്റ തൻ്റെ മുഖം അവളുടെ സ്വാപ്നങ്ങൾക്ക് ഒരു തടസം അല്ല എന്ന് അവൾ കാണിച്ച് തന്നു. സമൂഹത്തിന്റെ അവഗണന, മുഖം തിരിക്കൽ എന്നിവയെ നെഞ്ചുവിരിച്ച് നേരിടാൻ അവൾ തയ്യാറാവുന്നു, അവൾക്ക് കൂട്ടായി വിശാൽ ചന്ദ്രശേഖരൻ (ടോവിനോ )എന്ന കഥാപാത്രവും നിൽക്കുന്നു.. "ബുദ്ധിയുണ്ട് ഹൃദയമുണ്ട് സൗന്ദര്യത്തെ നമുക്ക് മറ്റൊരു രീതിയിൽ നിർവചിച്ചു കൂടെ" എന്ന് വിശാൽ ചന്ദ്രശേഖരൻ ചോദിക്കുമ്പോൾ സിനിമ അത് പറയാൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി പ്രേഷകനിലേക്ക് എത്തിക്കുന്നു.

ഉയരെ കണ്ട എന്റെ എല്ലാ കൂട്ടുകാരും പറഞ്ഞത് ഗോവിന്ദ് (ആസിഫ് അലി) എന്ന കഥാപാത്രത്തെ കണ്ടാൽ തല്ലണം എന്നാണ്. നിങ്ങൾ ഗോവിന്ദുമാരെ  എന്നും കാണുന്നുണ്ട്. നമുക്ക് ഇടയിൽ തന്നെ എത്ര ഗോവിന്ദമാർ ഉണ്ട്. പെണ്ണൊന്നു ഡാൻസ് കളിച്ചാൽ, അല്പം മോഡേൺ ആയ വസ്ത്രം ധരിച്ചാൽ, മുടിയുടെ നീളം ഒന്ന് കുറഞ്ഞാൽ കലി തുള്ളുന്ന നിരവധി ഗോവിന്ദുമാർ നമുക്ക് ഇടയിൽ ഇല്ലേ, ഒരു പക്ഷെ നിങ്ങൾ തന്നെ ഒരു ഗോവിന്ദ് അല്ലേ.. ഉയരെ എന്ന സിനിമയിൽ എന്നപോലെ ഗോവിന്ദുമാർ ചോദ്യം ചെയ്യപ്പെടുന്നില്ല എന്ന് മാത്രം. സിനിമയിൽ അവന്റെ അച്ഛനോ, അമ്മയോ, സുഹൃത്തുക്കളോ, അയൽപക്കക്കാരോ ഒന്നും ഗോവിന്ദിനെ ഉപദേശിച്ചു കണ്ടില്ല, അച്ഛൻ കേസ് പിൻവലിക്കണം എന്ന അപേക്ഷയുമായാണ് പല്ലവിയെ സമീപിക്കുന്നത്.  എന്തിന് ഗോവിന്ദിന്റെ അമിതമായ possessiveness പല്ലവി പോലും കേറിങ് ആയി ആണ് കണ്ടത്. അങ്ങനെയൊരു സമൂഹം ആണ് ഗോവിന്ദന്മാരെ സൃഷ്ടിക്കുന്നത്.

അമിതമായ possessiveness തന്നെ ആണ് ഗോവിന്ദിനെ പോലെ കേരളത്തിലെ പെട്രോൾ അക്രമണക്കാരുടെയും പ്രെശ്നം. അത് മുളയിലേ നുള്ളേണ്ട പ്രവണത ആണ്. പെണ്ണും ഒരു ഇൻഡിവിജ്വൽ ആണെന്ന ബോധം ഓരോ കാമുകനും ഉണ്ടാവണം. അവർക്കും ഒരു പേർസണൽ സ്പേസ് ഉണ്ട് എന്ന് മനസിലാക്കുക. "Love is authentic only when it gives freedom" എന്ന ഓഷോയുടെ വാക്കുകൾ തന്നെയേ പറയാൻ ഉള്ളു.. അതെ പ്രണയം എന്നാൽ സ്വാതന്ത്ര്യം ആണ്..

ഇനി വീണ്ടും പല്ലവിയിലേക്ക് വരാം. വെളുത്ത് മെലിഞ്ഞ സീറോ സൈസ് സ്വന്ദര്യസങ്കൽപ്പത്തിനെ തോൽപ്പിച്ച് ആണ് പല്ലവി ജോലിയിൽ പ്രവേശിപ്പിക്കുന്നത്. പൂർണ്ണ വിധേയത്തോടെ ഗോവിന്ദിനെ അനുസരിച്ച് കഴിഞ്ഞ പല്ലവി ഇന്റെർവല്ലിന് ശേഷം തൻ്റെ വ്യക്തിത്വം തിരിച്ചു പിടിക്കുന്നു, “എനിക്ക് ഞാനാവണം…നീ ആഗ്രഹിക്കുന്ന ഞാനല്ല..ഞാൻ ആഗ്രഹിക്കുന്ന ഞാനാവണം”.... ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ തന്റെ മുന്നിലേക്ക് പ്രണയവും ഒരു പുതിയ ജീവിതവും വച്ച് നീട്ടിയ വിശാലിനോട് തനിക്ക് ഇപ്പോൾ വേണ്ടത് സൗഹൃദം ആണെന്ന് പറയാൻ ഉള്ള ആർജ്ജവവും കാണിക്കുന്നു പല്ലവി.നായകന് കീഴിൽ മാത്രം ഒതുങ്ങി കൂടുന്ന പതിവ് മലയാള ചലച്ചിത്ര നായിക അല്ല പല്ലവി. വിശാൽ രാജശേഖരനും, സാരിയയുമൊക്കെ ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന സൗഹൃദങ്ങളാണ്… വീണ് പോകുമ്പോൾ കൈ പിടിച്ചുയർത്താൻ, ഒന്ന് കൈ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ, ചേർത്ത് നിർത്താനുമൊക്കെ എന്നും വേണ്ട സൗഹൃദങ്ങൾ.

മലയാളിക്ക് ഏറെ പ്രതീക്ഷ വെക്കാവുന്ന സംവിധായകൻ മനു അശോക് എന്നത് അയാൾ തൻ്റെ ആദ്യ സിനിമയിലൂടെ തന്നെ തെളിയിച്ചു..കാമ്പുള്ള തിരക്കഥ എഴുതി സിനിമയെ ഉയരങ്ങളിൽ എത്തിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടും പ്രശംസ അർഹിക്കുന്നു. സിനിമ പറഞ്ഞ പോലെ 2019 എന്നല്ല ഇനി 2050 ആയാലും ബുദ്ധി ഹൃദയം എന്നിവ കൊണ്ട് സൗന്ദര്യത്തെ നിർവചിക്കുമോ എന്ന് അറിയില്ല എന്നാൽ പലരുടെയും മനസ്സിൽ അങ്ങനെ ഒരു ചിന്തക്ക്  തുടക്കം ഇടാൻ ഉയരെ കാരണമായി