Wednesday 24 May 2023

പരിഷത്തിന് ഒരു തുറന്ന കത്ത്

കോളേജ് കാലം തൊട്ട് പരിഷത്ത് എറ്റെടുക്കുന്ന വിഷയങ്ങൾ ശ്രെദ്ധിക്കുകയും ആഴത്തിൽ വായിക്കുകയും ചിലതിൽ വിയോജിപ്പ് ഉണ്ടെങ്കിൽ കൂടെ പരിഷത്ത്  എന്റെ അന്വേഷണ ത്വരയെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തി ആണ് ഞാൻ. എന്നാൽ കെ റെയിൽ വിഷയത്തിൽ നടത്തിയ പഠനം വളരെ അശാസ്ത്രീയമായിപ്പോയി എന്ന് പറയേണ്ടിയിരിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന സംഘടന ഇപ്പോൾ ശാസ്ത്രത്തിന് എത്ര പ്രമുഖ്യം കൊടുക്കുന്നുണ്ട് എന്ന സംശയം പോലും ഈ പഠനം എന്നിൽ ഉണ്ടാക്കി. ഒരു  പഠനം ശാസ്ത്രീയവും കൃത്യതയും ഉള്ളത് ആവുന്നത് അത് peer റിവ്യൂ ചെയ്യപ്പെടുമ്പോൾ ആണ്. പരിഷത്ത് പറയുന്നത് ശെരിയോ തെറ്റോ എന്നതിൽ അല്ല പഠനത്തിന്റെ റിപ്പോർട്ട്, ഡാറ്റ, methodology എന്നിവ പുറത്ത് വിട്ട് അത് മറ്റുള്ളവർ കൂടെ പഠിച്ച് ശെരി വെക്കുമ്പോൾ ആണ് ഒരു പഠനം പൂർണ്ണമാവുന്നത്, അല്ലാത്തത് എന്തും വെറും അശാസ്ത്രീയമായ വാദം ആണ്. ചാനൽ ചർച്ചയിലെ കോട്ട് ഇട്ട ജഡ്ജിമാർക്ക് വിധി  പ്രസ്താവിക്കാൻ ഈ പഠനം ഉപകരിച്ചു എന്നതിനപ്പുറം കേരളത്തിന്റെ ശാസ്ത്ര ലോകത്ത്  ഈ പഠനം എന്ത് സംഭാവന ആണ് നൽകിയത് എന്ന് പരിഷത്ത്  സ്വയം വിമർശനം നടത്തണം. ഒരു പഠന റിപ്പോർട്ട് പുറത്തു വിടാതെ അത് മറ്റുള്ളവർ പഠിക്കാൻ ഉള്ള അവസരം കൊടുക്കാതെ ഞങ്ങൾ പറയുന്നത് വിശ്വസിക്കണം എന്ന് പറഞ്ഞാൽ അത് എത്ര മൈക്ക് കെട്ടി പറഞ്ഞാലും ചാനെൽ ജഡ്ജിമാർക്ക് ഒഴികെ ബാക്കി ആർക്കും വെറും ശബ്ദ മലിനീകരണം മാത്രമായിരിക്കും. 


ഞങ്ങൾ ശാസ്ത്രാന്വേക്ഷണ കുതുകികൾ ആരാധനയോടെ പറയുന്ന ഒരു  പേര് ഉണ്ട്, നോബൽ പുരസ്‌കാര  ജേതാവ് ഫ്രാൻസിസ് ആർനോൾഡ്. എന്റെ വാദത്തിനെ സാധൂകരിക്കുന്ന ഒരു പ്രവർത്തി അവർ 2 കൊല്ലം മുൻപ് ചെയ്തു. തന്റെ പഠനം ഒരു ജേർണലിൽ പബ്ലിഷ് ചെയ്യുകയും എന്നാൽ അത് പിന്നീട് ആർക്കും  ലാബിൽ replicate ചെയ്യാൻ കഴിയുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ  അത് അവർ പിൻവലിച്ചു. പുറത്തു വിടുന്ന പഠനത്തിന്റെ ഗുണം അതാണ്, തെറ്റ് എങ്കിൽ അത് തിരുത്താൻ സാധിക്കും.


പരിഷത്ത് പ്രവർത്തകർ എന്നും പറയുന്ന ഒരു വാദം ഉണ്ട് , കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന് കെ റെയിൽ അനുയോജ്യമല്ല, പക്ഷെ എന്റെ ചോദ്യം ഇതാണ് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോട് ഒരു മട്ട ത്രികോണത്തിന്റെ ഹൈപ്പോട്ടന്യൂസ് ആണ് ഏറ്റവും വലിയ വശം എന്ന് പ്രൂവ് ചെയ്യാൻ പരീക്ഷയിൽ ചോദ്യം വന്നാൽ , അതിന് ആ കുട്ടിക്ക് കണ്ടാൽ മനസിലാവും എന്ന് എഴുതാൻ പറ്റുമോ? എഴുതിയാൽ അര മാർക്ക് പോലും കിട്ടുകയില്ല. അതുപോലെ കണ്ടാൽ അറിയും കേട്ടാൽ അറിയും എന്നൊക്കെ പറഞ്ഞല്ല ഒരു വാദഗതി മുന്നോട്ട് വെക്കേണ്ടത്. അത് ശാസ്ത്രീയമല്ല വെറും പൊതുബോധം മാത്രമാണ്. പരിഷത്തിന്റെ വാദങ്ങൾക്കും ആ കുട്ടിക്ക് കിട്ടാൻ പോകുന്ന മാർക്ക് പൂജ്യം മാത്രമേ ഈ വിഷയത്തിൽ കിട്ടുകയുള്ളു.


ഏതൊരു സംഘടനക്കും നേതാക്കൾക്കും ദൃശ്യ മാധ്യമങ്ങളുടെ പകിട്ടിൽ  ലൈംലൈറ്റിൽ നിൽക്കണം എന്ന് ആഗ്രഹം ഉണ്ടാകും, സംഘടനയുടെ ആശയ പ്രചാരണത്തിന് നല്ലത് ആണ്. പക്ഷെ ശാസ്ത്ര സംഘടന ശാസ്ത്രീയമായി വിഷയത്തെ സമീപിക്കണം


എന്ന് 

ലിഖിൽ സുകുമാരൻ