Wednesday 28 October 2015

രാഹുല്‍ ഈശ്വറിന് ഒരു തുറന്ന കത്ത്


പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍,
                              നിങ്ങള്‍ ഇന്ന് ഇട്ട രണ്ട് ട്വീറ്റ് ആണ് എന്നെ ഈ ഒരു ബ്ലോഗ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ എന്ന പേര് എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഇടപെടും മുന്‍പ് തന്നെ അറിയാമായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ആണെന്ന് തോനുന്നു എന്റെ അമ്മ കിരണ്‍ ടിവിയിലെ ഒരു പ്രോഗ്രാമില്‍ നിങ്ങളെ കാണിച്ചു തരുന്നത്. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു " എന്ത് വിവരം ആണെന്നോ ആ ചെക്കന്, എന്ത് ചോദിച്ചാലും ചെക്കന് അറിയാം അവനെ ഒക്കെ കണ്ട് പഠിക്കെടാ".  പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, നിങ്ങള്‍ എന്താണ് എന്ന് കേരളത്തിന്‌ കാണിച്ച് കൊടുത്ത 'മലയാളി ഹൗസ് ' ടെലിക്കാസ്റ്റ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ഒരു ചര്‍ച്ച ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. അന്ന്, നിങ്ങളെ കണ്ട് പഠിക്കാന്‍ പറഞ്ഞ അതേ അമ്മ ഉണ്ട് പറയുന്നു നിനക്ക് ഒന്നും പഠിക്കാന്‍ ഇല്ലേ ഓരോ മണ്ടത്തരങ്ങള്‍ കേട്ട് ഇരുന്നാമാതിയല്ലോ എന്ന്. എന്‍റെ അമ്മ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി ആണ്, പ്രതേകിച്ചു ഒരു രാഷ്ട്രീയ വീക്ഷണവും  ഇല്ലാത്ത അച്ഛന്റെ രാഷ്ട്രീയം വലതുപക്ഷം ആയത് കൊണ്ട് മാത്രം വലതുപക്ഷത്തിന് വോട്ട് ചെയ്യുന്ന, എന്റെ വീടും ചുറ്റുപാടും മാത്രമാണ് സ്വര്‍ഗം എന്ന് വിശ്വസിക്കുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ. നിങ്ങളുടെ വായിച്ചതിന്റെ പകുതി  ബുക്കുകള്‍  എന്റെ അമ്മ വായിച്ചിട്ടുണ്ടാവില്ല, നിങ്ങളുടെ അത്ര വിദ്യാഭ്യാസവും ഇല്ല, അങ്ങനെ ഉള്ള എന്റെ അമ്മ ടിവിയില്‍ കണ്ട അറിവ് വെച്ച് മാത്രം നടത്തിയ ഈ വിലയിരുത്തലുകള്‍ നിങ്ങള്‍ പുച്ഛത്തോടെ തള്ളുമായിരിക്കാം. എങ്കിലും രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ ഒന്ന് മനസിലാക്കുക ഇവിടുള്ള ഭൂരിപക്ഷം പേര്‍ക്കും ആദ്യം നിങ്ങളെ കുറിച്ച് ഉണ്ടായിരുന്ന കാഴ്ച്ചപ്പാടും  ഇപ്പോള്‍ ഉള്ള കാഴ്ച്ചപ്പാടും ഇത് തന്നെ ആണ്. അതിന് നിങ്ങള്‍ ഒന്ന് സമൂഹത്തില്‍ ഇറങ്ങി നിസപക്ഷമായി നിങ്ങളെ വിലയിരുത്തും എന്ന് കരുതുന്ന പത്ത് പേരോട് ചോദിച്ചാല്‍ മതി. 

ഇനി ഈ ബ്ലോഗ്‌ എഴുതാന്‍ ഉള്ള സാഹചര്യത്തിലേക്ക് വരാം. "Masked leftists" ഇതാണ് ദേശീയ പുരസ്ക്കാരം തിരിച്ച് നല്‍കിയ ചലച്ചിത്രകാരന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞത്. പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ വെറും "masked communalist" ആണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്. ഒരു ചര്‍ച്ചയില്‍ ചിന്ത ജെറോം നിങ്ങളെ അനവസരത്തില്‍ ആണെങ്കില്‍ കൂടി വര്‍ഗീയവാദി എന്ന് വിളിച്ചപ്പോള്‍ അതിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ പിന്തുണ നിങ്ങള്‍ കണ്ട് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ബിജെപി എന്ന പാര്‍ട്ടിയില്‍ വിശ്വസിക്കാം ആര്‍എസ്എസ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാം ആരും ചോദ്യം ചെയ്യുന്നില്ല, അത് നിങ്ങളുടെ സ്വാതന്ത്ര്യം പിന്നെ എന്തിനാണ് നിങ്ങള്‍ അതിന് തയ്യാറാക്കുന്നില്ല മതേതരത്വം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ എഴുതി ത്രിവര്‍ണ്ണ പതാക ഡ്രെസ്സില്‍ അണിഞ്ഞ് നിങ്ങള്‍ ഇനിയും ആളെ പറ്റിക്കാന്‍ നോക്കല്ലേ അത് ഈ മണ്ണില്‍ വിലപ്പോവില്ല എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു.  

ബിജെപിയുടെ സംസ്കാരിക വിഭാഗം തലവന്‍, പണ്ട് എങ്ങോ മഹാഭാരതം സീരിയലുകളില്‍ അഭിനയിച്ചു ഇതാണോ ഇന്ത്യയുടെ തന്നെ അഭിമാനമായ ഒരു സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആക്കാന്‍ ഉള്ള യോഗ്യത ആവേണ്ടത്. കഴിവ് ഉള്ള പലരെയും പുറത്ത് നിറുത്തി ഗജേന്ദ്ര  ചൌഹാനെ നിയമിച്ചതില്‍ നിങ്ങള്‍ക്ക് തെറ്റുകള്‍ കാണാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് വര്‍ഗീയ തിമിരം ബാധിച്ചത് കൊണ്ടാണ് എന്ന് വിശ്വസിക്കാനേ തരമുള്ളൂ. രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ക്ക് കേരള സമൂഹം നല്‍കിയ ബഹുമാനം ഒക്കെ നിങ്ങള്‍ തന്നെ കളഞ്ഞ് കുളിച്ചു. ഇപ്പോള്‍ നിങ്ങള്‍ എല്ലാവര്‍ക്കും ട്രോള്‍ ചെയ്യാന്‍ വക നല്‍കുന്ന ഒരു ശരാശരി നിരീക്ഷണം ആണ് നടത്തുന്നത്.   നിങ്ങള്‍ അന്തസോടെ പറയു ഞാന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആണ് അല്ലെങ്കില്‍ അനുഭാവി ആണ് എന്ന് അല്ലാതെ കപട നിസ്പക്ഷം ചമഞ്ഞ് ബിജെപിക്ക് വേണ്ടി കുഴല്‍ ഊത്ത് നടത്തിയാല്‍ അത് കേരള സമൂഹത്തിന് മനസിലാവില്ല എന്ന് കരുതുന്നത് മണ്ടത്തരം ആണ്.

നിങ്ങള്‍ക്ക് എതിരെ വിമര്‍ശനം വന്നാല്‍ നിങ്ങള്‍ വളരെ അസഹിഷ്ണുതയോടെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നേരെ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. പണ്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ മലയാളി ഹൗസ് എന്ന പരിപാടിയെ വിമര്‍ശിച്ച ഒരു വെക്തിയോട് നിങ്ങള്‍ ചോദിക്കുന്നത് കേട്ടു പരിപാടി മുഴുവന്‍ കണ്ട നിങ്ങള്‍ക്ക് അത് അശ്ലീലം ആണെന്ന് പറയാന്‍ യോഗ്യത ഇല്ല,നിങ്ങള്‍ക്ക് വേണ്ടങ്കില്‍ നിങ്ങള്‍ അത് കാണണ്ട എന്ന് വെച്ചാല്‍ മതിയായിരുന്നു എന്ന്. അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ അശ്ലീല സൈറ്റ് നിരോധിക്കണം എന്ന വാദം പൊക്കി പിടിച്ച് നടക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്. നിങ്ങള്‍ക്ക് അത് അശ്ലീലം ആണെങ്കില്‍ അത് കണെണ്ട എന്ന് വെച്ചാല്‍ പോരെ. പിന്നെ നിങ്ങളുടെ സ്ഥിരം പല്ലവി ഉണ്ടല്ലോ നിങ്ങള്‍ ഇടതുപക്ഷമാണ് അതാണ് ഇങ്ങനെ പറയുന്നത് എന്ന്. ശെരി ആണ് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് ആയത് കൊണ്ടാണല്ലോ ഞാന്‍ ഇത് പറയുന്നത്. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല എങ്കില്‍ ആരാണ് ഇവിടെ പ്രതികരിക്കുക. നെറികേടുകള്‍ക്ക് നേരേ പ്രതികരിച്ചത് കൊണ്ടാണല്ലോ ഞങ്ങളെ ഇടതുപക്ഷമെന്ന് വിളിക്കുന്നത് തന്നെ.

വെക്തിപരമായി ഒരിടത്തും നിങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ ശ്രെമിച്ചിട്ടില്ല, എങ്കിലും ബ്ലോഗ്‌ എഴുത്തില്‍ ഉള്ള അനുഭവക്കുറവ്മൂലം നിങ്ങള്‍ക്ക് എവിടെയെങ്കിലും അങ്ങനെ അനുഭവപ്പെട്ടു എങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു.

Sunday 11 October 2015

എന്ത് കഴിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും

"ഞാന്‍ ഇങ്ങനെ പറയുന്നത് കൊണ്ട് നിങ്ങള്‍ അത്ഭുതപെട്ടേക്കാം, ബീഫ് കഴിക്കാത്തയാള്‍ നല്ല ഹിന്ദു അല്ല"                                                     ---സ്വാമി വിവേകാനന്ദന്‍  (വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍, മൂന്നാം വാല്യം, പേജ് 536)


ഫാസിസ്റ്റ് ശക്തികള്‍ നമ്മുടെ ഭക്ഷണ രീതിയിലേക്കും തല നീട്ടി കൊണ്ടിരിക്കുന്നു.പശു,കാള, പോത്ത്, എരുമ എന്നി നാല്‍ക്കാലികളുടെ ഇറച്ചി എന്നര്‍ത്ഥത്തില്‍ പൊതുവേ പ്രയോഗിച്ചിരുന്ന ബീഫിന് നമ്മുടെ ഭക്ഷണക്രമത്തില്‍ ചരിത്രപരമായി തന്നെ സുപ്രധാനമായ സ്ഥാനം ഉണ്ട്. മനുഷ്യന്‍ കന്നുകാലികളെയും മേച്ച്‌ നടന്നിരുന്ന കാലഘട്ടത്തില്‍ തന്നെ മാട്ടിറച്ചി അവന്‍റെ സ്ഥിര ഭക്ഷണമായി മാറിയിരുന്നു. വേദകാലഘട്ടത്തിലും നമ്മള്‍ ബീഫ് ഉപയോഗിച്ചിരുന്നു. ഇന്ദ്രദേവന് കാളയിറച്ചിയും, ശനിദേവന് പശുവും പ്രിയപ്പെട്ടവ ആണെന്ന് വേദങ്ങള്‍ തന്നെ സാഷ്യപെടുത്തുന്നു. ഒരു സമൂഹം അവന് ഇഷടപെട്ടത് എന്തോ അതാണ് അവന്‍ അവന്‍റെ ദൈവത്തിന് കാഴ്ച വെക്കുന്നത്. കള്ളു , മത്സ്യം, മാസ്യം എന്നിവ ചില ക്ഷേത്രങ്ങളില്‍ മുഖ്യ നിവേദ്യം ആവുന്നത് അതിനാല്‍ ആണ്.നേപ്പാളില്‍ ഹിന്ദുദൈവ പ്രീതിക്ക് വേണ്ടി  വന്‍ തോതില്‍ നടത്തി വരുന്ന മൃഗബലി(പശു) തന്നെ ഇതിന്  ഒരു ഉദാഹരണം ആണ്. ബുദ്ധ-ജൈന മതങ്ങളുടെ വരവോടെ ആണ് മൃഗഹിംസക്ക് എതിര്‍ വാദങ്ങള്‍ ഉയര്‍ന്നു വന്നത്. അല്ലാതെ ഹിന്ദു ഒരിക്കലും ഇതിന് എതിര്‍ ആയിരുന്നില്ല. ബ്രാഹ്മണപണ്ഡിതന്‍ ആയ D N ത്ധാ രചിച്ച "മിത്ത് ഓഫ് ഹോളി കവ്" എന്ന ബുക്കില്‍ ഇതിനെ കുറിച്ച് ആതികാരിക വസ്തുതകള്‍ കാണാം. ഈ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഭാരതീയര്‍ സസ്യഭുക്കുകള്‍ ആണെന്ന കല്പിതചിരിത്രം നിര്‍മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

മഹാരാഷ്ട്രയില്‍ മാട്ടിറച്ചി വില്‍ക്കുന്നതും കഴിക്കുന്നതും നിയമം മൂലം തടഞ്ഞത് ആണ് ഈ അടുത്ത് മാട്ടിറച്ചി വിവാദം ആളിക്കതിച്ചത്.1976ലെ അനിമല്‍ പ്രിസര്‍വേഷന്‍ നിയമപ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതില്‍ ഭേദഗതി വരുത്തി ആണ് ഇപ്പോള്‍ എല്ലാത്തരം മാട്ടിറച്ചിയും കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും ശിക്ഷയും പിഹയും ലഭിക്കുന്ന കുറ്റം ആക്കിയത്(കൂടുതല്‍ വിവരങ്ങള്‍ക്ക്).അതിനെ തുടര്‍ന്ന് ഉണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പ് ആണ് ബീഫ് കഴിച്ചു എന്ന് ആരോപിച്ചു ഉത്തര്‍ പ്രദേശില്‍ ഒരു മധ്യവയസ്കനെ അടിച്ചു കൊന്നത്. ഇത് ഒരു മതേതര സമൂഹത്തിന് ഒട്ടും ഭൂഷണം അല്ല. ഇവിടെ ആണ് ബീഫ്ഫെസ്റ്റിവലിന് പ്രസക്തി വര്‍ധിക്കുന്നത്.എന്ത് തിന്നണം എന്ത് ഉടുക്കണം എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ ആവണം അല്ലാതെ ഭരണകൂടം ആവരുത്. അങ്ങനെ ഭരണകൂടം ഇടപെടാന്‍ തുടങ്ങുമ്പോള്‍ ആണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ചെറുത്തുനില്‍പ്പ്‌ ഉയരുന്നതും. അത്തരത്തില്‍ ഒരു സ്വാഭാവിക ചെറുത്തുനില്‍പ്പ്‌ മാത്രമാണ് ബീഫ് ഫെസ്റ്റിവല്‍. 

ബീഫ്ഫെസ്റ്റിവല്‍ നടത്തുന്നത് ബീഫ് കഴിക്കാത്ത ഒരാളുടെ വായില്‍ ബീഫ് തിരുകിക്കയറ്റാന്‍ അല്ല, മറിച്ച് ഞങ്ങള്‍ ബീഫ് കഴിക്കാറുണ്ട് ഇനി കഴിക്കുകയും എന്ന് പ്രഖ്യാപിക്കാന്‍ ആണ്. അതായത് ഞങ്ങളുടെ വെക്തിസ്വതന്ത്രത്തില്‍ കേറി ഇടപെടലുകള്‍ നടത്തേണ്ട എന്ന് വെക്തമാക്കുക മാത്രം ആണ് ബീഫ്ഫെസ്റ്റിവലിന്‍റെ ഉദ്ദേശം. അപ്പോള്‍ സ്വാഭാവികം ആയി ഒരു ചോദ്യം ഉയരും അതിന് എങ്ങനെ ഫെസ്റ്റിവല്‍ നടത്തേണ്ടത് ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഒരു വെക്തിയുടെ പ്രതിക്ഷേധം അല്ല മറിച്ച് ഒരു സമൂഹത്തിന്‍റെ പ്രതിക്ഷേധം ആണ് ഈ വിധം രേഖപെടുതുന്നത്. ക്ഷേത്രപ്രവേശനസമരം നടന്നത് അവര്‍ണ്ണനു പുതിയ ക്ഷേത്രം പണിഞ്ഞ് അല്ല, വഴി നടക്കാനുള്ള അവകാശം നേടിയെടുത്തത് പുതിയ വഴി വെട്ടി തെളിച്ചിട്ടുമല്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഈ സമരചരിത്രങ്ങള്‍ പറയാന്‍ ഉള്ള കേരളക്കരയില്‍ ഇരുന്ന് ബീഫ് നിരോധനത്തിനെതിരെ ഈ വിധം ഫെസ്റ്റിവല്‍ നടത്തി പ്രകോപനം സൃഷ്ട്ടിക്കണോ എന്ന് ചോദിക്കുന്നത് തന്നെ അപഹാസ്യം ആണ്. 

"പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്താന്‍ നിങ്ങള്‍ക്ക് ധൈര്യം ഉണ്ടോ?". അല്ല മാഷേ ഈ ചോദ്യത്തിന് എന്താണ് പ്രസക്തി ഉള്ളത്. പോര്‍ക്ക്‌ ആരേലും നിരോധിച്ചിട്ടുണ്ടോ? അപ്പൊ ഇപ്പൊ പോര്‍ക്ക്‌ ഫെസ്റ്റിവല്‍ എന്തിനാണ് നടത്തുന്നത്. ഇനി നിങ്ങളുടെ ചോദ്യം ഭാവിയില്‍ ആരേലും നിരോധിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും എന്നാണോ? തീര്‍ച്ചയായും പോര്‍ക്ക്‌ കഴിക്കുന്നവര്‍ക്ക് വേണ്ടി പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്തപ്പെട്ടിരിക്കും. പിന്നെ പല മുസ്ലിം രാഷ്ടങ്ങളുടെ നിരോധനങ്ങള്‍ പൊക്കിപ്പിടിച്ച് വരുന്നവരോട് ഇത് മുസ്ലിം രാഷ്ട്രമോ ഹിന്ദുരാഷ്ട്രമോ അല്ല ഇത് ഒരു മതേതരരാജ്യം ആണ്. അടുത്ത ചോദ്യം മറ്റ് രാഷ്ട്രീയ സംഘടകള്‍ക്ക് ഒന്നും കുഴപ്പമില്ല നിങ്ങള്‍ക്ക് മാത്രം എന്തിന്‍റെ കടി ആണ്? അതിന് ഒറ്റ ഉത്തരമേ ഉള്ളു ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ക്കാര്‍ ആയിപ്പോയി എന്നുള്ളത് ആണ്. നെറികേടുകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഉള്ള എല്ലുറപ്പും, തന്റേടവും ഉള്ളത് കൊണ്ടാണ്. മറ്റുള്ളവര്‍ ഫേസ്ബുക്കില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ ചങ്കൂറ്റതോടെ അത് ജനമധ്യത്തില്‍ രേഖപ്പെടുത്തുന്നു.. ഇനി ഉണരേണ്ടവര്‍ നിങ്ങള്‍ ആണ്. ലോകത്തില്‍ എന്ത് നടന്നാലും കുഴപ്പമില്ല എന്ന മട്ടില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അഭിരമിച്ച് ഇരിക്കുന്നവരെ ഫാസിസം നിങ്ങളെയും തേടി വന്നുകൊണ്ടിരിക്കുകയാണ് നിങ്ങളുടെ മൂകിന്‍തുമ്പില്‍ എത്തുംവരെ നിങ്ങള്‍ പ്രതികരിച്ചില്ല എങ്കില്‍ നാളെ നിങ്ങള്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ഇന്ന് ബീഫ്, നാളെ നിങ്ങള്‍ ഉപയോഗിക്കുന്ന എന്തും ഒടുക്കം നിങ്ങള്‍ തന്നെ ഏതുവിധം പ്രവര്‍ത്തിക്കണം എന്ന് പറയാന്‍ ഈ ഭരണകൂടത്തെ നമ്മള്‍ അനുവദിച്ചുകൂടാ.

Saturday 17 January 2015

ഐ വിസ്മയകരമായ കാഴ്ച, അതുക്കും മേലെ ഒന്നുമില്ല.

                            മൂന്ന് വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഷൂട്ടിംഗ്, 185 കോടി, വിക്രമിന്‍റെ ആത്മസമര്‍പ്പണം അതുക്കും മേലെ ഷങ്കര്‍ എന്ന സംവിധായകന്‍, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ആണ് ഐ തിയേറ്ററുകളില്‍ എത്തിയത്, ഷങ്കര്‍ എന്ന സംവിധായന്‍ന്‍റെ ബ്രഹ്മാണ്ട സിനിമ എന്നത് തന്നെ ആണ് ഈ സിനിമ എന്ത് കൊണ്ട് കാണണം എന്നതിന് എനിക്ക് ഉണ്ടായിരുന്ന ഉത്തരം. വിസ്മയിപ്പിക്കുന്ന സ്ക്രീന്‍ അത് തന്നെ ആണ് ഐയുടെ മേന്മ. നിറപ്പകിട്ട് ഉള്ള ഫ്രെയിം, വിസ്മയകരവും, ആഡംബരപൂര്‍ണ്ണവും ആയ ലൊക്കേഷന്‍, സ്പെഷ്യല്‍ ഇഫക്ട്സ്സ് , മികച്ച ഗാനരംഗങ്ങളും ഫൈറ്റ് സീനുകളും മൊത്തത്തിൽ  ഐ എന്നാല്‍ ഒരു വിസ്മയം തന്നെ ആണ്.പക്ഷെ ഒരു സാധാരണ പ്രണയ-പ്രതികാര തമിഴ് സിനിമ അതുക്കും മേലെ പറയാന്‍ ഐയുടെ തിരകഥ ഉണ്ടോ എന്നത് സംശയം ആണ്. 

                           ഷങ്കര്‍ വിക്രം കൂട്ടുകെട്ടില്‍ പിറന്ന അന്യന്‍ സിനിമയോട് ഈ സിനിമയിലെ നായകനും സാമ്യം പലത് ആണ്. അംബി, റെമോ, അന്യന്‍ എന്നീ മൂന്ന് വേഷങ്ങള്‍ വിക്രം പകര്‍ന്നാടുമ്പോള്‍, ഐയില്‍ ലിങ്കേശന്‍, ലീ, കൂനന്‍ എന്നി കഥാപാത്രം ആയിമാറുന്നു വിക്രം. അംബിക്ക് നായികയുടെ പ്രണയം നേടാന്‍ റെമോ ആവേണ്ടി വന്നു എങ്കില്‍ ലിങ്കേശന് ലീ ആവേണ്ടി വന്നു. അന്ന്യന്‍ സാമൂഹികതിന്മള്‍ക്ക് നേരെ ആണ് പ്രതികരിച്ചത് എങ്കില്‍ കൂനന്‍ പ്രതികരിക്കുന്നത് തന്നോട് തിന്മകള്‍ ചെയ്തവര്‍ക്ക് നേര ആണ് എന്ന് മാത്രം. പ്രതികാരത്തിന്റെ രീതി അന്യനിലെപോലെ മൃഗീയം ആവുന്നു എങ്കിലും കഥ അതിനെ സാധൂകരിക്കുന്നു. ഈ സാമ്യം കഥാപാത്ര സൃഷ്ടിയില്‍ മാത്രം ഒതുങ്ങി നിന്നത് ആശ്വാസകരമാണ്.

                            നിങ്ങള്‍ ഊഹിക്കുന്നത്തിനും അപ്പുറം ഉള്ള കഥ, ഇതായിരുന്നു ഐയെ കുറിച്ച് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം, എന്നാല്‍ കഥയില്‍ ഒരു പുതുമ അവകാശപെടാന്‍ ഐക്ക് സാധിക്കില്ല. ഇന്ട്രവല്‍ കഴിയുമ്പോഴേക്കും വിക്രത്തിന് ഒഴികെ എല്ലാവര്‍ക്കും സസ്പെന്‍സ് പിടികിട്ടി എന്നത് ആണ് വസ്തുത. വിക്രം എന്ന നടന്‍റെ ആത്മസമര്‍പ്പണം തന്നെ ആണ് സിനിമ. ഇന്ത്യന്‍ സിനിമയില്‍ തനിക്കും ഒരു സ്ഥാനം ഉണ്ട് എന്ന് ഉറപ്പിച്ച് പറയുന്ന പ്രകടനം. മൂന്ന് കഥാപാത്രങ്ങളും വിസ്മയിപ്പിച്ചു എങ്കിലും കൂനന്‍ തന്നെ ആണ് മുന്നിട്ട് നില്‍ക്കുന്നത്. കൂനന്‍റെ മൈക്ക് അപ്പ്‌ ഭാവം മുഖത്ത് വരുന്നതില്‍ അല്പം കഷ്ടപെടുത്തി. എന്തിരുന്നാലും വിക്രം എന്ന നടന് മുന്നില്‍ ഒന്ന് നമിക്കാതെ തിയേറ്റര്‍ വിട്ട് പുറത്ത് ഇറങ്ങാന്‍ കഴിയില്ല എന്നത് തീര്‍ച്ച ആണ്.  

                           സാമൂഹികപ്രതിബദ്ധതയിൽ മുങ്ങി കുളിച്ചു നില്ക്കുന്ന സ്ഥിരം ഷങ്കർ സിനിമ പോലെ അല്ല ഐ. ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് യോജിക്കാൻ കഴിയുമോ ? ബാഹ്യസൗന്ദര്യത്തിലല്ല  യഥാര്‍ത്ഥ സൗന്ദര്യം എന്ന് സിനിമ പറയുമ്പോള്‍ തന്നെ പൊള്ളല്‍ ഏറ്റുംമറ്റും  വിരൂപമായവരുടെയും ജീവിതം മരണം അല്ല അതുക്കും മേലെ ആണ് എന്നാണ് സിനിമ പറയുന്നത്. ആയതിനാല്‍ സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തോട് യോജിക്കാന്‍ കഴിയില്ല. മാത്രമല്ല മൂന്നാം ലിങ്കം എന്നത് യാഥാര്ത്യത്തെ സഹിഷ്ണുതയോടും, പുരോഗമന കാഴ്ചപ്പടോടും കാണുന്ന ഈ യുഗത്തിൽ മൂന്നാം ലിങ്കം എന്നത് ലൈഗീകതൃഷ്ണയിൽ ജീവിക്കുന്ന വർഗം ആണ് എന്ന് ഈ സിനിമ പറയുന്നു. അവരെ പരിഹാസ്യരാക്കുന്ന സ്ഥിരം സിനിമ ഫോർമുല തന്നെ ആണ് ഈ സിനിമയും ഉപയോഗിച്ചത്.

                         എന്തൊക്കെ നൂനതകൾ ഉണ്ട് എങ്കിലും ഐ തിയേറ്ററിൽ പോയി ഇരുന്നു കാണേണ്ട പടം തന്നെ ആണ്. ബിഗ്‌ ബട്ജെറ്റ് എന്ന് കേൾക്കുമ്പോൾ പെരുച്ചാഴി, കാസിനോവ എന്നിവ ഓർമ്മ വരുന്ന നമുക്ക് മുടക്കിയ മുതൽ എങ്ങനെ സ്ക്രീനിൽ കാണിക്കാം എന്ന് ഷങ്കർ പഠിപ്പിച്ചു തരും. അമിത പ്രതീക്ഷ ഇല്ലാതെ പോവുക ഒരിക്കലും പടം നിരാശപ്പെടുത്തില്ല...