Saturday 22 September 2018

കരുത്തുറ്റ വരത്തന്‍




         പ്രവാസജീവിതത്തില്‍ നിന്ന് ഒരു ഇടവേളക്ക് നാട്ടില്‍ എത്തുന്ന എബിയും പ്രീയയും കേരളത്തില്‍ അനുഭവിക്കുന്ന അരാജകത്വ പ്രവണതകളെ ആവിഷ്കരിക്കുന്നു വരത്തന്‍ എന്ന അമല്‍ നീരദ് ചിത്രം.

കപട സദാചാരം നിയമം ആയ നാട്ടിൽ നമ്മുടെ നാടിന് ഒരു സംസ്കാരം ഉണ്ട് എന്ന മുഖം മൂടി അണിഞ്ഞ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും, പെണ്‍ ശരീരത്തിലേക്കും ഒളിഞ്ഞുനോക്കി സ്വന്തം ലൈംഗീക ദാരിദ്ര്യം അടക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആണ് വരത്തന്‍ വരച്ചുകാട്ടുന്നത്. സ്ത്രീയെ കൊത്തിവലിക്കുന്ന സദാചാരത്തിന്‍റെ നോട്ടങ്ങള്‍, ആണ്‍ മേല്‍ക്കോയ്മയുടെ നോട്ടങ്ങള്‍, അവളുടെ ശരീരം പകര്‍ത്താന്‍ വേണ്ടിയുള്ള ക്യാമറ കണ്ണിലൂടെയുള്ള നോട്ടങ്ങള്‍ എല്ലാം സ്ത്രീയെ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയാക്കുന്നില്ല എന്ന് പറയുന്നു വരത്തന്‍. കേരളത്തില്‍ നിന്ന് ആദ്യം കയറിയ ടാക്സിയില്‍ നിന്ന് തുടങ്ങി തന്‍റെ വീട്ടിലെ കുളിമുറിയില്‍ വരെ നായികയ്ക്ക് ഈ നോട്ടം അനുഭവിക്കേണ്ടി വരുന്നു.

എങ്കിലും എവിടയോ ‘’ഇത് ഒരു നാട്ടിന്‍പ്പുറം ആണ് ഇവിടെ അതിന്‍റേതായ  രീതികള്‍ ഉണ്ട്’’ എന്ന് പറയുന്നിടത്ത് ഒക്കെ സിനിമ ഒരു ഗ്രാമീണ വിരുദ്ധത വരച്ചുകാട്ടുന്നില്ലേ എന്ന് സംശയിക്കായിക ഇല്ല. സെക്സ് ഇസ് നോട് അ പ്രോമിസ് എന്ന് ആഷിക് അബു ചിത്രത്തില്‍ പറഞ്ഞ അതേ നായിക തന്നെ ഈ സിനിമയില്‍ തന്‍റെ ഭര്‍ത്താവിന് തന്നെ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നിടത്തും, തന്‍റെ അച്ഛന്‍ ഉണ്ടെങ്കില്‍ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് പരിതപിക്കുന്നിടത്തും സിനിമ അത് വിമര്‍ശിക്കാന്‍ ഉദ്ദേശിച്ച ആണ്‍മേല്‍ക്കോയ്മയെ തന്നെ പുല്‍കുന്നത് കാണാം.

എങ്കിലും സാവധാനം കഥ പറഞ്ഞ് ഒടുക്കം അതിന്‍റെ ഫുള്‍ ഫെയ്സില്‍ അവസാനിക്കുന്ന ഒരു മികച്ച ത്രിലര്‍ തന്നെയാണ് വരത്തന്‍. അമല്‍ നീരദ് സിനിമകളുടെ പോരായമ ആയി പലപ്പോഴും തോന്നാറുള്ളത് അതിന്‍റെ ക്ലൈമാക്സ് ആണ് എന്നാല്‍ വരത്തന്‍റെ പ്ലസ് പോയിന്‍റ് എന്നത് ക്ലൈമാക്സ് ആണ്. അവസാന 30 മിനിട് മികച്ച് നില്‍ക്കുന്നു സിനിമ. ക്ലോസ്ഡ് ഫ്രെയിംമില്‍ നടീനടന്മാരുടെ വികാര തീവ്രത ഒപ്പിയെടുക്കുന്നതും വൈഡ് ഫ്രെയിംമില്‍ പശ്ചാത്തലം  ഒപ്പിയെടുക്കുന്നതുമായ  ക്യാമറ തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്, പശ്ചാതല സംഗീതവും, നടീ നടന്മാരുടെ പ്രകടനവും എടുത്ത് പറയേണ്ടത് ആണ്.

വരത്തന്‍ മികച്ച ദൃശ്യ-ശബ്ദ സംവിധാനങ്ങള്‍ ഉള്ള തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമ ആണ്, ഒറ്റവരിയില്‍ പറഞ്ഞാല്‍ വരത്തന്‍ ഇസ് അ മസ്റ്റ് വാച്ച് ഇന്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് ‘.