Saturday 17 January 2015

ഐ വിസ്മയകരമായ കാഴ്ച, അതുക്കും മേലെ ഒന്നുമില്ല.

                            മൂന്ന് വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഷൂട്ടിംഗ്, 185 കോടി, വിക്രമിന്‍റെ ആത്മസമര്‍പ്പണം അതുക്കും മേലെ ഷങ്കര്‍ എന്ന സംവിധായകന്‍, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ആണ് ഐ തിയേറ്ററുകളില്‍ എത്തിയത്, ഷങ്കര്‍ എന്ന സംവിധായന്‍ന്‍റെ ബ്രഹ്മാണ്ട സിനിമ എന്നത് തന്നെ ആണ് ഈ സിനിമ എന്ത് കൊണ്ട് കാണണം എന്നതിന് എനിക്ക് ഉണ്ടായിരുന്ന ഉത്തരം. വിസ്മയിപ്പിക്കുന്ന സ്ക്രീന്‍ അത് തന്നെ ആണ് ഐയുടെ മേന്മ. നിറപ്പകിട്ട് ഉള്ള ഫ്രെയിം, വിസ്മയകരവും, ആഡംബരപൂര്‍ണ്ണവും ആയ ലൊക്കേഷന്‍, സ്പെഷ്യല്‍ ഇഫക്ട്സ്സ് , മികച്ച ഗാനരംഗങ്ങളും ഫൈറ്റ് സീനുകളും മൊത്തത്തിൽ  ഐ എന്നാല്‍ ഒരു വിസ്മയം തന്നെ ആണ്.പക്ഷെ ഒരു സാധാരണ പ്രണയ-പ്രതികാര തമിഴ് സിനിമ അതുക്കും മേലെ പറയാന്‍ ഐയുടെ തിരകഥ ഉണ്ടോ എന്നത് സംശയം ആണ്. 

                           ഷങ്കര്‍ വിക്രം കൂട്ടുകെട്ടില്‍ പിറന്ന അന്യന്‍ സിനിമയോട് ഈ സിനിമയിലെ നായകനും സാമ്യം പലത് ആണ്. അംബി, റെമോ, അന്യന്‍ എന്നീ മൂന്ന് വേഷങ്ങള്‍ വിക്രം പകര്‍ന്നാടുമ്പോള്‍, ഐയില്‍ ലിങ്കേശന്‍, ലീ, കൂനന്‍ എന്നി കഥാപാത്രം ആയിമാറുന്നു വിക്രം. അംബിക്ക് നായികയുടെ പ്രണയം നേടാന്‍ റെമോ ആവേണ്ടി വന്നു എങ്കില്‍ ലിങ്കേശന് ലീ ആവേണ്ടി വന്നു. അന്ന്യന്‍ സാമൂഹികതിന്മള്‍ക്ക് നേരെ ആണ് പ്രതികരിച്ചത് എങ്കില്‍ കൂനന്‍ പ്രതികരിക്കുന്നത് തന്നോട് തിന്മകള്‍ ചെയ്തവര്‍ക്ക് നേര ആണ് എന്ന് മാത്രം. പ്രതികാരത്തിന്റെ രീതി അന്യനിലെപോലെ മൃഗീയം ആവുന്നു എങ്കിലും കഥ അതിനെ സാധൂകരിക്കുന്നു. ഈ സാമ്യം കഥാപാത്ര സൃഷ്ടിയില്‍ മാത്രം ഒതുങ്ങി നിന്നത് ആശ്വാസകരമാണ്.

                            നിങ്ങള്‍ ഊഹിക്കുന്നത്തിനും അപ്പുറം ഉള്ള കഥ, ഇതായിരുന്നു ഐയെ കുറിച്ച് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം, എന്നാല്‍ കഥയില്‍ ഒരു പുതുമ അവകാശപെടാന്‍ ഐക്ക് സാധിക്കില്ല. ഇന്ട്രവല്‍ കഴിയുമ്പോഴേക്കും വിക്രത്തിന് ഒഴികെ എല്ലാവര്‍ക്കും സസ്പെന്‍സ് പിടികിട്ടി എന്നത് ആണ് വസ്തുത. വിക്രം എന്ന നടന്‍റെ ആത്മസമര്‍പ്പണം തന്നെ ആണ് സിനിമ. ഇന്ത്യന്‍ സിനിമയില്‍ തനിക്കും ഒരു സ്ഥാനം ഉണ്ട് എന്ന് ഉറപ്പിച്ച് പറയുന്ന പ്രകടനം. മൂന്ന് കഥാപാത്രങ്ങളും വിസ്മയിപ്പിച്ചു എങ്കിലും കൂനന്‍ തന്നെ ആണ് മുന്നിട്ട് നില്‍ക്കുന്നത്. കൂനന്‍റെ മൈക്ക് അപ്പ്‌ ഭാവം മുഖത്ത് വരുന്നതില്‍ അല്പം കഷ്ടപെടുത്തി. എന്തിരുന്നാലും വിക്രം എന്ന നടന് മുന്നില്‍ ഒന്ന് നമിക്കാതെ തിയേറ്റര്‍ വിട്ട് പുറത്ത് ഇറങ്ങാന്‍ കഴിയില്ല എന്നത് തീര്‍ച്ച ആണ്.  

                           സാമൂഹികപ്രതിബദ്ധതയിൽ മുങ്ങി കുളിച്ചു നില്ക്കുന്ന സ്ഥിരം ഷങ്കർ സിനിമ പോലെ അല്ല ഐ. ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് യോജിക്കാൻ കഴിയുമോ ? ബാഹ്യസൗന്ദര്യത്തിലല്ല  യഥാര്‍ത്ഥ സൗന്ദര്യം എന്ന് സിനിമ പറയുമ്പോള്‍ തന്നെ പൊള്ളല്‍ ഏറ്റുംമറ്റും  വിരൂപമായവരുടെയും ജീവിതം മരണം അല്ല അതുക്കും മേലെ ആണ് എന്നാണ് സിനിമ പറയുന്നത്. ആയതിനാല്‍ സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തോട് യോജിക്കാന്‍ കഴിയില്ല. മാത്രമല്ല മൂന്നാം ലിങ്കം എന്നത് യാഥാര്ത്യത്തെ സഹിഷ്ണുതയോടും, പുരോഗമന കാഴ്ചപ്പടോടും കാണുന്ന ഈ യുഗത്തിൽ മൂന്നാം ലിങ്കം എന്നത് ലൈഗീകതൃഷ്ണയിൽ ജീവിക്കുന്ന വർഗം ആണ് എന്ന് ഈ സിനിമ പറയുന്നു. അവരെ പരിഹാസ്യരാക്കുന്ന സ്ഥിരം സിനിമ ഫോർമുല തന്നെ ആണ് ഈ സിനിമയും ഉപയോഗിച്ചത്.

                         എന്തൊക്കെ നൂനതകൾ ഉണ്ട് എങ്കിലും ഐ തിയേറ്ററിൽ പോയി ഇരുന്നു കാണേണ്ട പടം തന്നെ ആണ്. ബിഗ്‌ ബട്ജെറ്റ് എന്ന് കേൾക്കുമ്പോൾ പെരുച്ചാഴി, കാസിനോവ എന്നിവ ഓർമ്മ വരുന്ന നമുക്ക് മുടക്കിയ മുതൽ എങ്ങനെ സ്ക്രീനിൽ കാണിക്കാം എന്ന് ഷങ്കർ പഠിപ്പിച്ചു തരും. അമിത പ്രതീക്ഷ ഇല്ലാതെ പോവുക ഒരിക്കലും പടം നിരാശപ്പെടുത്തില്ല...