Sunday 23 July 2017

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - ഒരു രാഷ്ട്രീയ അശ്ലീല സിനിമ

       


 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ നാല് വര്‍ഷം തികയ്ക്കുമ്പോള്‍ അതിലെ രാഷ്ട്രീയം വീണ്ടും ചര്ച്ചയാവുകയാണ്. എന്നാല്‍ ഈ സിനിമയുടെ രാഷ്ട്രീയം അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് സത്യം. ഇടത് ചാടി വലത് ചാടി ഒടുവില്‍ താമര വിരിയുന്ന ചളികുണ്ടില്‍ അഭയം പ്രാപിക്കുന്ന സിനിമയെ ഇടതുപക്ഷ സിനിമ ആയി ആണ് പലരും ബ്രാന്‍ഡ്‌ ചെയ്യുന്നത്. ഈ സിനിമ അതിലെ രാഷ്ട്രീയം കൊണ്ട് എത്രമാത്രം അപകടമാണ് എന്ന തിരിച്ചറിവ് പൊതുബോധത്തില്‍ പ്രക്ഷേപിക്കുന്നതില്‍ നാം തീരെ വിജയിച്ചിട്ടില്ല എന്നതിന്‍റെ തെളിവ് ആണിത്. സിനിമയില്‍ രാഷ്ട്രീയം കാണേണ്ടത് ഉണ്ടോ സിനിമയെ സിനിമ ആയി ആസ്വദിക്കാന്‍ പഠിക്കു എന്ന്‍ പറയുന്ന ഫേസ്ബുക്ക് സിനിമ നിരൂപകര്‍ ഇത് വായിക്കണം എന്നില്ല എന്തന്നാല്‍ ഈ ലേഖനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ നിങ്ങങ്ങള്‍ക്ക് കഴിയുമോ എന്ന്‍ ഞാന്‍ സംശയിക്കുന്നു.

'പലിശക്കാരുടെ ആക്രമണത്തില്‍ നിന്ന് നായകനെ രക്ഷിക്കുന്ന കാവി ട്രവ്സര്‍ ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍', മലയാള സിനിമയില്‍ ഇതുവരെ പ്രതിനായകസ്ഥാനത്ത് നിലനിര്‍ത്തിയിരുന്ന ഒരു വര്‍ഗത്തെ നായകസ്ഥാനത്ത് കൈപിടിച്ചു കയറ്റി മുരളി ഗോപി എന്ന തിരക്കഥകൃത്തും അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധായകനും തങ്ങളുടെ സംഘപക്ഷം മുന്‍പ് ഈ അടുത്തകാലത്ത് എന്ന സിനിമയിലൂടെ വെക്തമാക്കിയത് ആണ്. മുന്‍പ് പ്രത്യക്ഷത്തില്‍ വെക്തമാക്കിയത് ഈ സിനിമയില്‍ പരോക്ഷമായി അവതരിപ്പിക്കുന്നു.

ഇടതുകൈക്ക് സ്വാധീനം നഷ്ടപെട്ട നിസ്സഹായനായ നായകന്‍,അയാളുടെ വലതുകൈകൊണ്ട് ഒന്നും ചെയ്യാനും കഴിയുന്നില്ല, ഇവിടെ ആണ് നായകന്‍ ചെയ്യേണ്ടിയിരുന്ന കര്‍മ്മം ചെയ്യാന്‍ 
 വേണ്ടി   രുദ്രാക്ഷധാരിയായ പ്രതിനായകന്‍ എന്ന് മുദ്രചെയ്യപ്പെട്ട എന്നാല്‍ യഥാര്‍ത്ഥത്തില്‍ നല്ലവന്‍ ആയ ജയന്‍ കടന്ന്‍ വരുന്നത്. സിനിമയിലെ രാഷ്ട്രീയം വെക്തമല്ലേ?   സിപിഐഎം സംസ്ഥാന സെക്രട്ടറി വധാര്‍ഹന്‍ ആണെന്ന സിനിമയുടെ സന്ദേശത്തിലും അപകടമാണ് സിനിമ ഉയര്‍ത്തുന്ന ഈ രാഷ്ട്രീയചിന്ത.  ഇടതുപക്ഷ വിമര്‍ശനം സിനിമയില്‍ വരുന്നത് ഇത് ആദ്യമല്ല ഇന്നോളം കൊണ്ടാടിയ മലയാള ഇടതുപക്ഷ സിനിമ ഒക്കെ ഇടത് വിമര്‍ശനം തന്നെ ആണ് മുന്നോട്ട് വച്ചത്. പക്ഷെ ഈ സിനിമയില്‍ ഇടത് വിമര്‍ശനം എന്നതിനപ്പുറമുള്ളത് കാവിക്ക് വളക്കുറുള്ള മണ്ണോരുക്കുക എന്നതാണ്. സിനിമ ഒളിച്ചുകടത്തുന്ന ഈ രാഷ്ട്രീയം പക്ഷെ ഗ്രഹിക്കാന്‍ ഫേസ്ബുക്ക് വഴി രാഷ്ട്രീയം പഠിച്ച ഈ തലമുറക്ക് കഴിഞ്ഞില്ല, അവര്‍ ഉപരിപ്ലവമായ കാഴ്ചകളില്‍ ഒതുങ്ങിയപ്പോള്‍ സിനിമയുടെ യഥാര്‍ത്ഥ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. 

സിനിമ വഴി ചില വ്യക്തികളെ ഉന്നം വെച്ചുള്ള വിരോധം തീര്‍ക്കലോ അല്ലെങ്കില്‍ വ്യക്തിഹത്യയോ  ഞാന്‍ ഇവിടെ ചര്‍ച്ച ആക്കുന്നില്ല, എന്നാല്‍ ചില രാഷ്രീയ ശെരികേടുകള്‍ ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. അത് നമുക്ക് ചര്‍ച്ച ചെയ്യാം.   

എംജി കോളേജ് എന്ന കേരളത്തിലെ ഏബിവിപിയുടെ ശതമായ കോളേജ് എങ്ങനെ ആണ് സിനിമ കാണിച്ചിരിക്കുന്നത് എന്ന്‍ നോക്കുക. ഏബിവിപി ഗുണ്ടായിസം കൊണ്ട് പേര് കേട്ട ആ കോളേജില്‍ പക്ഷെ എസ്എഫ്ഐയോട് തല്ലി ജയിക്കാനോ അവര്‍ കരുതുന്നത്ര ആയുധം കരുതാനോ അവര്‍ക്ക് കഴിയില്ല എന്ന്‍ സിനിമ പറയുന്നു, എസ്എഫ്ഐ സംഘടിച്ച് എത്തിയാല്‍ പിന്നോക്കം പോവുന്ന പാവങ്ങള്‍ ആണ് ഏബിവിപി പ്രവര്‍ത്തകര്‍. അതായത് എംജി കോളേജ് കാവി പുതച്ചത് ഗൂണ്ടായിസം കൊണ്ടല്ല മറിച്ച് കാവിയോട് ഉള്ള സ്നേഹം കൊണ്ടാണ് എന്ന് ചുരുക്കം. ഇനി ഏബിവിപി നേതാവിന്‍റെ പാത്രസൃഷ്ടി നോക്കു അതുവരെ കോമഡി ചെയ്തിരുന്ന കേരളിയ മനസ്സില്‍ നിഷ്ക്കളങ്കന്‍ ആയ നടനെ വില്ലന്‍ ആയി വരുന്നു,അതായത് ഏബിവിപി പ്രവര്‍ത്തകര്‍ മസില്‍ പിടിച്ച് നടക്കും എങ്കിലും ഒരു തല്ലിന് പോവാനോ ഗൂണ്ടായിസം കാണിക്കാനോ കഴിയില്ല അവര്‍ ശെരിക്കും നിഷ്ക്കളങ്കര്‍ ആണ് എന്ന്‍ സിനിമ പറയുന്നു. അവസാനം ഇത് സ്ഥാപിക്കും വിധം മുന്‍ വിപ്ലവ പാര്‍ട്ടി യുവജന സംഘടനാ പ്രവര്‍ത്തകന്‍ ഇങ്ങനെ പറയുന്നു : "അവര്‍ അങ്ങിനെ ചെയ്യില്ലെന്ന് (റോയിയെ വെട്ടുമെന്ന്) അന്നും ഇന്നും എനിക്കുറപ്പായിരുന്നു!" അതായത് ശൂലവും വാളുമൊക്കെ ഇങ്ങിനെ കാണിക്കും എന്നേയുള്ളൂ, അവരതൊന്നും എടുത്തുപയോഗിക്കില്ലെന്ന് !

ദേവിയെ ലൈംഗികതൃഷ്ണയോടെ നോക്കുന്ന മുസ്ലിം നാമധാരി ആയ പോലീസ് ഉധ്യോഗസ്ഥന്‍ മുതല്‍ നായകനാല്‍ അപഹരി ക്കപെട്ട തന്‍റെ പണം മറ്റൊരു അവസരത്തില്‍ തിരിച്ച് മേടിക്കാന്‍ ശ്രെമിക്കുന്ന വിസ ഏജന്റിനെ എടാ അച്ചായ എന്ന്‍ വിളിക്കുന്ന നായകന്‍ വരെ നൂനപക്ഷങ്ങള്‍ക്ക് സംഘികള്‍ ചാര്‍ത്തിക്കൊടുത്ത ലേബല്‍ സിനിമയും ചാര്‍ത്തികൊടുക്കുന്നു. ഒടുവില്‍ ആ ദേവിയുടെ വരം എന്ന്‍ പറഞ്ഞ് ദേവിയെ നോക്കിയതിന്  ശിക്ഷനല്‍കുന്നതും രുദ്രാക്ഷധാരിയായ നായകന്‍.  

നായകന്‍റെ ഇടത്കൈക്ക് സ്വാധീനം നഷ്ടപെട്ടു, വലത്കൈകൊണ്ട് ആണേല്‍ ഒരു പ്രയോജനവും ഇല്ല നായകന്‍റെ കര്‍മ്മം ഈ ഭൂമിയില്‍ ചെയ്യാന്‍ ഒരു രുദ്രാക്ഷധാരി വരേണ്ടിയിരിക്കുന്നു എന്ന്‍ സിനിമ പറയുന്നു. അതായത് ഇടത് വലത്  രാഷ്ട്രീയത്തിന് ഒരു ബദല്‍ ഇവിടെ ഉയരേണ്ടിയിരിക്കുന്നു എന്ന്‍ സിനിമ പറയുന്നു. ആ രാഷ്ട്രീയം എന്താണ് എന്ന്‍ സിനിമ പരോക്ഷമായി പറയുന്നു. ആ രാഷ്ട്രീയത്തിന് വിളനിലം ഒരുക്കുക എന്നത് ആണ് സിനിമയുടെ ലക്ഷ്യം. പിണറായിയെ മാത്രം അല്ല സിനിമ ഉന്നം വെക്കുന്നത് എന്ന്‍ കാണുക. പിണറായി വിഎസ് എന്ന രണ്ട് ബിംബങ്ങളില്‍ ഇടതുപക്ഷം ചുരുങ്ങിപ്പോയ ഒരു കാലത്ത് ആയിരുന്നു സിനിമ റിലീസ് ചെയ്യുന്നത്. ആ ഒരു കാലഘട്ടത്തില്‍ രണ്ട് പേരെയും പ്രതിനായക സ്ഥാനത്ത് നിര്‍ത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആകെ പ്രതിസ്ഥാനത്ത് നിര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം സിനിമക്ക് ഉണ്ട്. അടിയന്തിരാവസ്ഥകാലങ്ങളിലെ മരണം മുതല്‍ ടിപി വധത്തില്‍ വരെ വിഎസിനു പങ്ക് ഉണ്ട് എന്ന്‍ സിനിമ പറയുന്നു. അതായത് വിഎസ് ജനം കരുതും പോലെ ഒരു രക്ഷകന്‍ അല്ല, അതായത് പൂര്‍ണ്ണമായും ജീര്‍ണിച്ച പാര്‍ട്ടിയില്‍ നിന്ന്‍ ഇനി ഒരു രക്ഷകന്‍ വരില്ല എന്ന്‍. പിണറായിയുടെ ആക്രോശത്തിന് മുന്നില്‍ മുട്ടുവിറച്ച വലതന്മാര്‍ക്കും ഒരു രക്ഷകന്‍ ആകാന്‍ കഴിയില്ല. പിന്നെ ആര് എന്ന്‍ സിനിമ ചോദിക്കുന്നു? ഉത്തരവും അതില്‍ ഒളിച്ചു വച്ചിരിക്കുന്നു.