Wednesday 28 October 2015

രാഹുല്‍ ഈശ്വറിന് ഒരു തുറന്ന കത്ത്


പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍,
                              നിങ്ങള്‍ ഇന്ന് ഇട്ട രണ്ട് ട്വീറ്റ് ആണ് എന്നെ ഈ ഒരു ബ്ലോഗ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ എന്ന പേര് എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഇടപെടും മുന്‍പ് തന്നെ അറിയാമായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ആണെന്ന് തോനുന്നു എന്റെ അമ്മ കിരണ്‍ ടിവിയിലെ ഒരു പ്രോഗ്രാമില്‍ നിങ്ങളെ കാണിച്ചു തരുന്നത്. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു " എന്ത് വിവരം ആണെന്നോ ആ ചെക്കന്, എന്ത് ചോദിച്ചാലും ചെക്കന് അറിയാം അവനെ ഒക്കെ കണ്ട് പഠിക്കെടാ".  പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, നിങ്ങള്‍ എന്താണ് എന്ന് കേരളത്തിന്‌ കാണിച്ച് കൊടുത്ത 'മലയാളി ഹൗസ് ' ടെലിക്കാസ്റ്റ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ഒരു ചര്‍ച്ച ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. അന്ന്, നിങ്ങളെ കണ്ട് പഠിക്കാന്‍ പറഞ്ഞ അതേ അമ്മ ഉണ്ട് പറയുന്നു നിനക്ക് ഒന്നും പഠിക്കാന്‍ ഇല്ലേ ഓരോ മണ്ടത്തരങ്ങള്‍ കേട്ട് ഇരുന്നാമാതിയല്ലോ എന്ന്. എന്‍റെ അമ്മ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി ആണ്, പ്രതേകിച്ചു ഒരു രാഷ്ട്രീയ വീക്ഷണവും  ഇല്ലാത്ത അച്ഛന്റെ രാഷ്ട്രീയം വലതുപക്ഷം ആയത് കൊണ്ട് മാത്രം വലതുപക്ഷത്തിന് വോട്ട് ചെയ്യുന്ന, എന്റെ വീടും ചുറ്റുപാടും മാത്രമാണ് സ്വര്‍ഗം എന്ന് വിശ്വസിക്കുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ. നിങ്ങളുടെ വായിച്ചതിന്റെ പകുതി  ബുക്കുകള്‍  എന്റെ അമ്മ വായിച്ചിട്ടുണ്ടാവില്ല, നിങ്ങളുടെ അത്ര വിദ്യാഭ്യാസവും ഇല്ല, അങ്ങനെ ഉള്ള എന്റെ അമ്മ ടിവിയില്‍ കണ്ട അറിവ് വെച്ച് മാത്രം നടത്തിയ ഈ വിലയിരുത്തലുകള്‍ നിങ്ങള്‍ പുച്ഛത്തോടെ തള്ളുമായിരിക്കാം. എങ്കിലും രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ ഒന്ന് മനസിലാക്കുക ഇവിടുള്ള ഭൂരിപക്ഷം പേര്‍ക്കും ആദ്യം നിങ്ങളെ കുറിച്ച് ഉണ്ടായിരുന്ന കാഴ്ച്ചപ്പാടും  ഇപ്പോള്‍ ഉള്ള കാഴ്ച്ചപ്പാടും ഇത് തന്നെ ആണ്. അതിന് നിങ്ങള്‍ ഒന്ന് സമൂഹത്തില്‍ ഇറങ്ങി നിസപക്ഷമായി നിങ്ങളെ വിലയിരുത്തും എന്ന് കരുതുന്ന പത്ത് പേരോട് ചോദിച്ചാല്‍ മതി. 

ഇനി ഈ ബ്ലോഗ്‌ എഴുതാന്‍ ഉള്ള സാഹചര്യത്തിലേക്ക് വരാം. "Masked leftists" ഇതാണ് ദേശീയ പുരസ്ക്കാരം തിരിച്ച് നല്‍കിയ ചലച്ചിത്രകാരന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞത്. പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ വെറും "masked communalist" ആണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്. ഒരു ചര്‍ച്ചയില്‍ ചിന്ത ജെറോം നിങ്ങളെ അനവസരത്തില്‍ ആണെങ്കില്‍ കൂടി വര്‍ഗീയവാദി എന്ന് വിളിച്ചപ്പോള്‍ അതിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ പിന്തുണ നിങ്ങള്‍ കണ്ട് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ബിജെപി എന്ന പാര്‍ട്ടിയില്‍ വിശ്വസിക്കാം ആര്‍എസ്എസ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാം ആരും ചോദ്യം ചെയ്യുന്നില്ല, അത് നിങ്ങളുടെ സ്വാതന്ത്ര്യം പിന്നെ എന്തിനാണ് നിങ്ങള്‍ അതിന് തയ്യാറാക്കുന്നില്ല മതേതരത്വം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ എഴുതി ത്രിവര്‍ണ്ണ പതാക ഡ്രെസ്സില്‍ അണിഞ്ഞ് നിങ്ങള്‍ ഇനിയും ആളെ പറ്റിക്കാന്‍ നോക്കല്ലേ അത് ഈ മണ്ണില്‍ വിലപ്പോവില്ല എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു.  

ബിജെപിയുടെ സംസ്കാരിക വിഭാഗം തലവന്‍, പണ്ട് എങ്ങോ മഹാഭാരതം സീരിയലുകളില്‍ അഭിനയിച്ചു ഇതാണോ ഇന്ത്യയുടെ തന്നെ അഭിമാനമായ ഒരു സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആക്കാന്‍ ഉള്ള യോഗ്യത ആവേണ്ടത്. കഴിവ് ഉള്ള പലരെയും പുറത്ത് നിറുത്തി ഗജേന്ദ്ര  ചൌഹാനെ നിയമിച്ചതില്‍ നിങ്ങള്‍ക്ക് തെറ്റുകള്‍ കാണാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് വര്‍ഗീയ തിമിരം ബാധിച്ചത് കൊണ്ടാണ് എന്ന് വിശ്വസിക്കാനേ തരമുള്ളൂ. രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ക്ക് കേരള സമൂഹം നല്‍കിയ ബഹുമാനം ഒക്കെ നിങ്ങള്‍ തന്നെ കളഞ്ഞ് കുളിച്ചു. ഇപ്പോള്‍ നിങ്ങള്‍ എല്ലാവര്‍ക്കും ട്രോള്‍ ചെയ്യാന്‍ വക നല്‍കുന്ന ഒരു ശരാശരി നിരീക്ഷണം ആണ് നടത്തുന്നത്.   നിങ്ങള്‍ അന്തസോടെ പറയു ഞാന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആണ് അല്ലെങ്കില്‍ അനുഭാവി ആണ് എന്ന് അല്ലാതെ കപട നിസ്പക്ഷം ചമഞ്ഞ് ബിജെപിക്ക് വേണ്ടി കുഴല്‍ ഊത്ത് നടത്തിയാല്‍ അത് കേരള സമൂഹത്തിന് മനസിലാവില്ല എന്ന് കരുതുന്നത് മണ്ടത്തരം ആണ്.

നിങ്ങള്‍ക്ക് എതിരെ വിമര്‍ശനം വന്നാല്‍ നിങ്ങള്‍ വളരെ അസഹിഷ്ണുതയോടെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നേരെ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. പണ്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ മലയാളി ഹൗസ് എന്ന പരിപാടിയെ വിമര്‍ശിച്ച ഒരു വെക്തിയോട് നിങ്ങള്‍ ചോദിക്കുന്നത് കേട്ടു പരിപാടി മുഴുവന്‍ കണ്ട നിങ്ങള്‍ക്ക് അത് അശ്ലീലം ആണെന്ന് പറയാന്‍ യോഗ്യത ഇല്ല,നിങ്ങള്‍ക്ക് വേണ്ടങ്കില്‍ നിങ്ങള്‍ അത് കാണണ്ട എന്ന് വെച്ചാല്‍ മതിയായിരുന്നു എന്ന്. അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ അശ്ലീല സൈറ്റ് നിരോധിക്കണം എന്ന വാദം പൊക്കി പിടിച്ച് നടക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്. നിങ്ങള്‍ക്ക് അത് അശ്ലീലം ആണെങ്കില്‍ അത് കണെണ്ട എന്ന് വെച്ചാല്‍ പോരെ. പിന്നെ നിങ്ങളുടെ സ്ഥിരം പല്ലവി ഉണ്ടല്ലോ നിങ്ങള്‍ ഇടതുപക്ഷമാണ് അതാണ് ഇങ്ങനെ പറയുന്നത് എന്ന്. ശെരി ആണ് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് ആയത് കൊണ്ടാണല്ലോ ഞാന്‍ ഇത് പറയുന്നത്. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല എങ്കില്‍ ആരാണ് ഇവിടെ പ്രതികരിക്കുക. നെറികേടുകള്‍ക്ക് നേരേ പ്രതികരിച്ചത് കൊണ്ടാണല്ലോ ഞങ്ങളെ ഇടതുപക്ഷമെന്ന് വിളിക്കുന്നത് തന്നെ.

വെക്തിപരമായി ഒരിടത്തും നിങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ ശ്രെമിച്ചിട്ടില്ല, എങ്കിലും ബ്ലോഗ്‌ എഴുത്തില്‍ ഉള്ള അനുഭവക്കുറവ്മൂലം നിങ്ങള്‍ക്ക് എവിടെയെങ്കിലും അങ്ങനെ അനുഭവപ്പെട്ടു എങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു.

No comments:

Post a Comment